കൊല്ലം: ജില്ലയില്‍ 22 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 57 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതാദ്യമായാണ് രോഗബാധിതരുടെ എണ്ണത്തെക്കാൾ രോഗമുക്തി നേടുന്നത്. രോഗബാധിതരായവരില്‍ സമ്പര്‍ക്കം മൂലം 21 പേരും ഉറവിടം വ്യക്തമല്ലാത്ത ഒരാളും ഉള്‍പ്പെടുന്നു. ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം, കൊവിഡ് പ്രതിരോധത്തിന് മുന്‍നിരയില്‍ നില്‍ക്കുന്ന ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും സ്വന്തം സുരക്ഷയും ജാഗ്രതയും വര്‍ധിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസര്‍ നിര്‍ദേശിച്ചു.
ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കൂടിയ ഉന്നതതല യോഗത്തിലാണ് നിര്‍ദേശം. ജില്ലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് യോഗം വിലയിരുത്തി. നിലവില്‍ പത്ത് കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സ നടന്നുവരുന്നു. 16 കേന്ദ്രങ്ങള്‍ ജീവനക്കാരെ നിയമിച്ച് സജ്ജമാക്കുന്നുണ്ട്. ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ്, കാന്‍സര്‍ ചികിത്സ, അത്യാഹിത വിഭാഗം എന്നിവ പ്രവര്‍ത്തനസജ്ജമാണ്. കൊല്ലം മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് പ്രതിരോധവും ശക്തമാക്കിയിട്ടുണ്ട്.