കൊല്ലം: ജില്ലയിൽ കൊവിഡിന് ശമനമില്ലാത്ത സാഹചര്യത്തിൽ ഓണത്തോടനുബന്ധിച്ച് കടകളില്‍ സമയക്രമവും സാമൂഹിക അകലവും ഉറപ്പുവരുത്താൻ നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും ശക്തിപ്പെടുത്തുന്നു. കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഓണ്‍ലൈന്‍ വഴി ചേര്‍ന്ന ഉന്നതതല യോഗത്തിന്‍റെതാണ് തീരുമാനം. ആരോഗ്യ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ മത്സ്യത്തൊഴിലാളികളുടെ വിവരം ചേര്‍ക്കല്‍ കാര്യക്ഷമമാക്കണമെന്നും യോഗം നിര്‍ദേശിച്ചു.
ക്ലസ്റ്റര്‍തല വിലയിരുത്തലുകളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധനകളും ശക്തമാക്കും. വഴിയോരകച്ചവടക്കാര്‍ക്ക് നിരീക്ഷണം സാധ്യമായ മേഖലകളില്‍ സൗകര്യമൊരുക്കും. മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി സാഹചര്യങ്ങള്‍ പരിശോധിച്ചതിന് ശേഷമായിരിക്കും അടച്ച ഹാര്‍ബറുകള്‍ തുറക്കുകയെന്നും കലക്‌ടര്‍ അറിയിച്ചു. അതേസമയം, ജില്ലയില്‍ 133 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഉയര്‍ന്ന പ്രതിദിന രോഗനിരക്കാണിത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകർക്കും രോഗമുണ്ട്. 131 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്.