കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടർന്ന് കൊല്ലം ജില്ലയിലെ കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷം. തെരഞ്ഞെടുപ്പ് ഫലം വന്നതു മുതല്‍ ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ഇപ്പോഴും തുടരുകയാണ്. സൈബർ ആക്രമണത്തില്‍ ചില മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് അരുൺ രാജ് വാർത്താ സമ്മേളനം നടത്തിയാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ചത്. അതേസമയം, യൂത്ത് കോൺഗ്രസിന്‍റെ ആരോപണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു വാർത്താ കുറിപ്പിറക്കി.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ കോൺഗ്രസില്‍ തർക്കവും വാക്‌പോരും രൂക്ഷമായിരുന്നു. ഇതേ തുടർന്ന് എ.ഐ.സി.സി ഇടപെടുകയും പരസ്യ പ്രസ്‌താവന വിലക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷവും കൊല്ലം ഡി.സി.സിയിലെ പ്രശ്നങ്ങൾ തീർന്നിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസിന്‍റെ സ്ഥാപക ദിനാഘോഷ പരിപാടിയിലും കൊല്ലം ജില്ലയിലെ നേതാക്കൾ ചേരി തിരിഞ്ഞിരുന്നു.