കൊല്ലം : ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ തന്‍റെ ഓഫിസിന്‍റെ അറിവോടെയെന്ന വെളിപ്പെടുത്തലില്‍ പ്രതികരണവുമായി മുഖ്യമന്ത്രി.അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ ബന്ധപ്പെട്ടതിന്‍റെ രേഖകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നതെന്നും അത് ഭയങ്കര കാര്യമല്ലെന്നും പിണറായി വിജയന്‍ കൊല്ലത്ത് പറഞ്ഞു. ഔദ്യോഗിക സ്ഥാനത്ത് ഇരിക്കുന്നയാള്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ ബന്ധപ്പെട്ടതില്‍ അപാകതയില്ല. പ്രതിപക്ഷനേതാവിന്‍റെ ഒപ്പമുള്ളയാളും നേരത്തെ കൂടെയുണ്ടായിരുന്നയാളുമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും പിണറായി പറഞ്ഞു. കെഎസ്ഐഎന്‍സി എംഡി എന്‍ പ്രശാന്തിനെ മഹാന്‍ എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
തുടക്കം മുതല്‍ ഇതില്‍ ഗൂഢാലോചനയുണ്ട്. ഇതുകൊണ്ടൊന്നും തന്‍റെ ഓഫീസിനെ കളങ്കപ്പെടുത്താനാകില്ല. ഗൂഢാലോചന അന്വേഷണത്തില്‍ തെളിയും. അന്വേഷണത്തെ സ്വാധീനിക്കുന്നതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. എല്ലാറ്റിനും മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴയ്ക്കുകയാണ്. തനിക്കും ഓഫിസിനും നേരെ നടന്ന ഗൂഢാലോചനയുടെ ഭാഗമാണിതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരും ഇഎംസിസിയും തമ്മിലുള്ള അസൈന്‍ഡ് ധാരണാപത്രം അനുസരിച്ചാണ് കരാര്‍ ഒപ്പിട്ടതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. കരാര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞതായി വ്യക്തമാകുന്ന വാട്ട്സ് ആപ്പ് ചാറ്റുകളും രേഖകളുമാണ് പുറത്തുവന്നത്.