കൊല്ലം: സ്‌നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഓര്‍മ പുതുക്കി വിശ്വാസികൾ ക്രിസ്‌മസ് ആഘോഷിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെ ആഘോഷം കൊവിഡ് കൊണ്ടുപോയെങ്കിലും ഇത്തവണ നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലാതെയാണ് വിശ്വാസികൾ ക്രിസ്‌മസ് ആഘോഷിച്ചത്. കൊല്ലം ജില്ലയിലെ ക്രൈസ്‌തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു.
ജാതിമത ഭേദമന്യേ എല്ലാവരും ഒരുമിച്ച് ആഘോഷിക്കുന്ന ഒരു ആഘോഷം തന്നെയാണ് ക്രിസ്‌മസ്. ക്രിസ്‌മസ് ട്രീകള്‍, കേക്കുകള്‍, സാന്‍റാക്ലോസ് എന്നിങ്ങനെ നിരവധി ഇനങ്ങളാണ് ആഘോഷത്തിന് മാറ്റു കൂട്ടുന്നത്. പുല്‍ക്കൂടൊരുക്കിയും നക്ഷത്ര, വര്‍ണ വിളക്കുകള്‍ തൂക്കിയും വീടുകള്‍ അലങ്കരിച്ചാണ് ഏവരും ക്രിസ്‌മസ് ആഘോഷിക്കുന്നത്. യേശു ക്രിസ്‌തുവിന്‍റെ ജനനമാണ് ഈ ദിവസത്തില്‍ അനുസ്‌മരിക്കപ്പെടുന്നത്.
ലോകമെമ്പാടും ഡിസംബര്‍ 25 ആണ് ക്രിസ്‌മസ് ആയി കണക്കാക്കുന്നത്. പക്ഷേ ചില ക്രിസ്‌തീയ സഭകളില്‍ മറ്റു ചില ദിവസങ്ങളിലാണ് ഈ ആഘോഷം. ക്രിസ്‌ത്യന്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ ക്രിസ്‌മസ് ഏറ്റവും പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. എന്നാല്‍ ഇന്ന് പല രാജ്യങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്‌മസ് ഏവര്‍ക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്.
ബത്‌ലഹേമിലെ പുൽത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നു വീണത് അനുസ്‌മരിച്ചും പ്രത്യാശയുടെയും സമാധാനത്തിന്‍റെയും സന്ദേശങ്ങൾ പങ്കുവച്ചും പള്ളികളിൽ പാതിര കുർബാനയും പ്രത്യേക ക്രിസ്‌മസ് ശുശ്രൂഷകളും നടന്നു. പാതിര കുർബാനയിലും തിരുകർമങ്ങളിലും 25 നോമ്പിന്‍റെ വ്രതശുദ്ധിയുമായി വിശ്വാസികൾ പങ്കുചേർന്നു.
കൊല്ലം തോപ്പ് സെന്‍റ് സ്റ്റീഫൻസ് ദേവാലയത്തിൽ നടന്ന തിരുപ്പിറവി ആഘോഷവും പാതിര കുർബാനയ്ക്കും ബിഷപ്പ് റൈറ്റ് റവ പോൾ ആന്‍റണി മുല്ലശേരി മുഖ്യകാർമികത്വം വഹിച്ചു.