കൊല്ലം: ക്രിസ്‌മസ് ആഘോഷരാവിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കേക്ക് വിപണിയിൽ മധുരം നിറയുന്നു. വീടുകളിലും സ്ഥാപനങ്ങളിലും ആഘോഷങ്ങൾക്ക് മധുരം പകരാനും പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാനും കേക്ക് വാങ്ങാനെത്തുന്നവരുടെ തിരക്കിലാണ് ബേക്കറികൾ. 'ക്രിസ്‌മസ് - പുതുവത്സര കേക്കുകളുടെ വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ക്രിസ്‌മസ് അടുത്തതോടെ ടൗണുകളിലെ മിക്ക ബേക്കറികളിലും കേക്കിന് ആവശ്യക്കാർ കൂടിയതായി വ്യാപാരികൾ പറഞ്ഞു.
മുൻ വർഷത്തെ അപേക്ഷിച്ച് കൂടുതൽ സജീവമാണ് കേക്ക് വിപണി. കഴിഞ്ഞവർഷം കൊവിഡിന്‍റെ തളർച്ചയിൽ അവസാന ദിവസങ്ങളിൽ മാത്രമാണ് കേക്ക് വില്‍പ്പന നടന്നത്. ക്രിസ്‌മസിനോടടുത്ത ദിവസങ്ങളിലാണ് കൂടുതൽ കേക്കുകൾ വില്‍പ്പനയ്‌ക്കെത്തുക. റിച്ച് പ്ലം, മാർബിൾ കേക്ക്, ടീ കേക്ക്, വൈൻ കേക്ക്, ഡേറ്റ്‌സ്, കാരറ്റ്, പപ്പായ എന്നിവ കൊണ്ടുണ്ടാക്കിയ കേക്കുകൾ തുടങ്ങിയവയ്‌ക്കാണ് ആവശ്യക്കാർ കൂടുതൽ.
വെൽവെറ്റ്, വൈറ്റ് ആൻഡ് ബ്ലാക് ഫോറസ്റ്റ് കേക്ക് തുടങ്ങിയവയ്‌ക്കും ആവശ്യക്കാരുണ്ട്. പ്രധാന ടൗണുകളിലെല്ലാം കേക്കുകൾക്ക് മാത്രമായി കടകൾ തുറന്നിട്ടുണ്ട്. മുൻകൂട്ടി ഓർഡർ ചെയ്‌ത് ആവശ്യാനുസരണം വാങ്ങിക്കാം. കൂടാതെ അടുത്ത കാലങ്ങളിലായി വീടുകൾ കേന്ദ്രീകരിച്ച് വീട്ടമ്മമാർ കേക്കുകൾ ഉണ്ടാക്കി സീസൺ സമയങ്ങളിൽ വ്യാപകമായി വില്‍പ്പന നടത്തുന്നുമുണ്ട്.
ഒരു കിലോയ്ക്ക് 340 രൂപ മുതലാണ് സാധാരണ പ്ലംകേക്കിന് വില. 400 രൂപ വരെയും വില ഉയരുന്നുണ്ട്. റിച്ച് പ്ലമ്മിന് 360 മുതൽ 450 രൂപ വരെയാണ് വില. പ്ലം കേക്ക് കഴിഞ്ഞാൽ ഫ്രൂട്ട്, ബട്ടർ കേക്കുകൾക്കാണ് ഈ സീസണിൽ പ്രധാനമായും ആവശ്യക്കാർ എത്തുന്നത്. 140 രൂപ മുതൽ 400 രൂപ വരെ ഈ കേക്കുകൾക്ക് നൽകണം. 1300 തൊട്ട് 1500 രൂപയാണ് ഏറ്റവും മുന്തിയിനം കേക്കിൻ്റെ വില. ഓർഡർ അനുസരിച്ച് പലരും വീടുകളിലെത്തിച്ചും കേക്കുകൾ നൽകുന്നുണ്ട്.