കൊല്ലം: വിസ വാഗ്ദാനം നൽകി യുവതിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ ചടയമംഗലം മേടയിൽ സ്വദേശി അജിയെ അറസ്റ്റ് ചെയ്തു. ഒറ്റയ്ക്ക് താമസിക്കുന്ന ഇയാള്‍ വിസ നൽകാം എന്ന് പറഞ്ഞാണ് യുവതിയെ വീട്ടിലേക്കു വിളിച്ചു വരുത്തിയത്. മെയ് ഒമ്പതിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ കൊട്ടാരക്കര സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചുവെന്നും മെയ് 11 രാത്രിയോടെ യുവതിയുടെ തലയിൽ ചുറ്റിക കൊണ്ട് അടിച്ച് കൊലപെടുത്താൻ ശ്രമിച്ചുവെന്നുമാണ് പരാതി.
തലയ്‌ക്ക് അടിയേറ്റ യുവതി ഇയാളുടെ വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയും അയൽ വീട്ടിൽ അഭയം തേടുകയും ചെയ്തു. അയൽ വീട്ടുകാരാണ് സംഭവം പൊലീസിൽ അറിയിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവരുടെ നില ഗുരുതരമാണ്.
കേസിൽ അറസ്റ്റിലായ പ്രതി അജി കടയ്ക്കൽ ചടയമംഗലം പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കടയ്ക്കലിൽ ഭർത്താവിന്‍റെ ക്വട്ടേഷൻ എടുത്ത് മക്കളുടെ മുന്നിലിട്ട് യുവതിയെ കുത്തി കൊലപെടുത്തിയ കേസിലെ മൂന്നാം പ്രതിയാണ് ഇയാൾ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായതിനെ തുടർന്ന് ഭാര്യ ഉപേക്ഷിച്ച് പോയി. തുടർന്ന് ഇയാൾ വീട്ടിൽ ഒറ്റയ്ക്കാണ്. ഈ വീട് കേന്ദ്രീകരിച്ച് നിരവധി ക്രിമിനൽ ഗൂഢാലോചനകളും കുറ്റകൃത്യങ്ങളും നടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
also read: വെള്ളറടയിൽ 17 കാരിയെ പീഡപ്പിച്ച കേസ്, അമ്മയും കാമുകനും അറസ്റ്റിൽ