കൊല്ലം: കൊല്ലം ദേശീയ പാതയിൽ ലോറിക്കുപിന്നിൽ കാറിടിച്ച് യുവാവ് മരിച്ചു. ചവറ തെക്കുംഭാഗം ഞാറമൂട് പാലപ്പഴഞ്ഞിവിളവീട്ടിൽ ക്ലിൻസ് അലക്‌സാണ്ടർ (23) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് കാവനാട് പൂവൻപുഴയിലാണ് അപകടം നടന്നത്.
മരിച്ച ക്ലിൻസ് വർക്‌ഷോപ്പ് തൊഴിലാളിയാണ്. കാറിൽ ഡ്രൈവർ ഉൾപ്പെടെ നാല് പേരാണ് ഉണ്ടായിരുന്നത്. കൊല്ലത്ത് നടക്കുന്ന എക്‌സിബിഷനുമായി ബന്ധപ്പെട്ട് ജോലി കഴിഞ്ഞ് മടങ്ങവേയാണ് അപകടം. തിരുവനന്തപുരത്ത് നിന്നും അരി കയറ്റി എറണാകുളത്തേക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിക്ക് പിന്നിൽ കാറിടിക്കുകയായിരുന്നു.
നിയന്ത്രണം നഷ്‌ടപ്പെട്ടതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ലോറിക്ക് പിന്നിലിടിച്ച കാർ മലക്കം മറിഞ്ഞ് തൊട്ടടുത്ത മതിലും, പോസ്റ്റിലും തട്ടിയാണ് നിന്നത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. ക്ലിൻസ് തൽക്ഷണം മരണപ്പെടുകയായിരുന്നു.
ഡ്രൈവർ ചവറ തെക്കുഭാഗം സ്വദേശി ലിജോയെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിൻസീറ്റിലായിരുന്ന മറ്റു യാത്രക്കാരായ ടോമി, ബിനോയ് എന്നിവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.