കൊല്ലം: കാര്‍ ട്രക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു. കൊട്ടാരക്കര വെളിയം ആരൂര്‍ക്കോണം അശ്വതി ഭവനില്‍ എന്‍.ധനപാലന്‍ (അനി- 58), ഭാര്യ ജലജ ധനപാലന്‍ (51) എന്നിവരാണ് മരിച്ചത്. മക്കളായ അശ്വതി (18), അനുഷ് (14), ഡ്രൈവര്‍ പത്തനാപുരം സ്വദേശി അഗസ്‌റ്റിന്‍ എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മധുരയില്‍ വച്ച് വ്യാഴാഴ്‌ചയാണ് അപകടം ഉണ്ടായത്. വിശാഖപട്ടണത്ത് ബിസിനസുകാരനായ ധനപാലന്‍റെ കുടുംബവും പുത്തൂരിലുള്ള മറ്റൊരു കുടുംബവും രണ്ട് കാറുകളിലായി നാട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. മുൻപില്‍ സഞ്ചരിച്ചിരുന്ന ധനപാലന്‍റെ കാര്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. കാറിന്‍റെ ഇടത് ഭാഗം ട്രക്കിലിടിച്ചു പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മധുര രാജാജി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയെങ്കിലുംജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.