കൊല്ലം: സെൽഫി എടുക്കുന്നതിനിടെ പാറക്കുളത്തിൽ വീണ വധുവരന്മാരെ രക്ഷപ്പെടുത്തി. കൊല്ലം പാരിപ്പള്ളി വേളമാനൂർ കാട്ടുപുറം ക്വാറിയിലെ കുളത്തിൽ ഇന്നലെ പകൽ 11 മണിയോടെയാണ് അപകടം. പരവൂർ സ്വദേശി വിനു കൃഷ്‌ണൻ, കല്ലുവാതുക്കൽ സ്വദേശി സാന്ദ്ര എസ് കുമാർ എന്നിവരാണ് സെൽഫി എടുക്കുന്നതിനിടെ കാൽതെറ്റി കുളത്തിൽ വീണത്.
ഇന്നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. ഇന്നലെ ഇരുവരും വിവിധ ക്ഷേത്രങ്ങളിൽ പോയിരുന്നു. ഇതിന്‍റെ ഭാഗമായി വേളമാനൂർ കാട്ടുപ്പുറത്തിന് സമീപമുള്ള ക്ഷേത്രത്തിലും ഇരുവരും എത്തി. പിന്നീട് സമീപത്തെ ക്വാറിയും കുളവും കണ്ടുമടങ്ങാൻ എത്തിയതിനിടെയാണ് അപകടം.
ക്വാറിയുടെ മുകൾ ഭാഗത്ത് കയറിയ ഇവർ മൊബൈൽ ഫോണിൽ സെൽഫി എടുക്കുന്നതിനിടെ സാന്ദ്ര കാൽ വഴുതി 120 അടിയിലധികം താഴ്‌ചയുള്ള പാറക്കുളത്തിൽ വീണു. സാന്ദ്രയെ രക്ഷിക്കാൻ വിനുവും കുളത്തിലേക്ക് ചാടി. മുങ്ങി താഴ്‌ന്ന സാന്ദ്രയെ വിനു കൃഷ്‌ണൻ രക്ഷിച്ച് പാറയിൽ പിടിച്ചു നിർത്തുകയായിരുന്നു.
സംഭവം കണ്ട ടാപ്പിങ് തൊഴിലാളി പ്രദേശവാസികളെയും പൊലീസിനെയും വിവരമറിയിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ക്വാറിയുടെ ഏറ്റവും മുകളിൽനിന്ന് കയർ ഇട്ടു കൊടുത്ത് ഇരുവരെയും കെട്ടി നിർത്തി. ശേഷം പാരിപ്പള്ളി പൊലീസിന്‍റേയും അഗ്നിരക്ഷാ സേനയുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ കുളത്തിൽ ചങ്ങാടമിറക്കി ഇരുവരെയും രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. പരിക്കേറ്റ ഇരുവരും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിവാഹം മാറ്റിവച്ചു.