കൊല്ലം: കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിപക്ഷ യുവജന സംഘടന പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ജില്ലയിൽ ആറിടങ്ങളിലാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. സംഭവത്തിൽ 33 പേരെ കസ്റ്റഡിയിലെടുത്തു. പൊലീസ് നിയന്ത്രണങ്ങളെ മറികടന്ന് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, യുവമോർച്ച, ആർവൈഎഫ് പ്രവർത്തകരെയാണ് കസ്റ്റഡിയിലെടുത്തത്.
മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കനത്ത പൊലീസ് വലയത്തിലായിരുന്നു കൊല്ലം നഗരവും പരിസര പ്രദേശങ്ങളും. കരിങ്കൊടി പ്രതിഷേധം കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് പലയിടത്തും കരുതൽ തടങ്കലിലാക്കിയിരുന്നു. എന്നാൽ മുഖ്യമന്ത്രി ജില്ല അതിർത്തിയായ പാരിപ്പള്ളി കടന്നതോടെ പലയിടങ്ങളിലും കരിങ്കൊടി പ്രതിഷേധമുണ്ടായി.
കൊല്ലം, കൊട്ടിയം, തട്ടാമല, മാടന്‍നട, പാരിപ്പള്ളി, എസ്എന്‍ കോളജ് ജങ്‌ഷന്‍ എന്നീ ആറിടങ്ങളിലായി യൂത്ത് കോണ്‍ഗ്രസ്, ആര്‍വൈഎഫ്, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് കരിങ്കൊടി വീശിയത്. പലയിടത്തും പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ തോതിൽ സംഘർഷമുണ്ടായി.
അതേസമയം മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട് 33 പേരെയാണ് പൊലീസ് കരുതല്‍ തടങ്കലിലാക്കിയത്. സംസ്ഥാന തല റവന്യൂ ദിനാഘോഷം, ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനം എന്നിവയുടെ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി ജില്ലയിലെത്തിയത്.