കൊല്ലം: വീട്ടില്‍ ഒളിപ്പിച്ച വ്യാജ മദ്യവുമായി ബിജെപി നേതാവ് പിടിയിലായി. ബിജെപി മണ്ഡലം മുൻ ജനറല്‍ സെക്രട്ടറിയും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റുമായിരുന്ന ഓച്ചിറ സ്വദേശി അനൂപ് (38) ആണ് അറസ്റ്റിലായത്. 124 വ്യാജ മദ്യ കുപ്പികളാണ് എക്സൈസ് കണ്ടെത്തിയത്.
കൊല്ലം അസിസ്റ്റന്‍റ് എക്സൈസ് കമ്മിഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എക്സൈസ് റെഞ്ച് ഇൻസ്പെക്ടർ പി.അനിൽകുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓച്ചിറയിലും പരിസരങ്ങളിലും വ്യാജമദ്യ കച്ചവടം നടത്തുന്നുവെന്ന പരാതി അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ രഹസ്യ അന്വേഷണം നടത്തിയാണ് സംഘം സ്ഥലം കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് സമീപ താലൂക്കിലും വ്യാജ മദ്യ ലോബികൾ പ്രവർത്തിക്കുന്നതായി പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനാൽ അന്വേഷണം തുടരുന്നതായി എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. പ്രതി അനൂപിന്‍റെ വീടിന്‍റെ പിൻഭാഗത്തെ വിറക് പുരയിൽ മറവ് ചെയ്‌ത നിലയിലാണ് വ്യാജ മദ്യം കണ്ടെത്തിയത്. സ്‌പിരിറ്റിൽ കളറുകൾ ചേർത്തുണ്ടാക്കിയ വ്യാജ മദ്യമാണ്. സംഭവ സ്ഥലത്ത് നിന്ന് പ്രതിയെ തൊണ്ടി സാധനങ്ങളുമായാണ് പിടികൂടിയത്. റെയ്‌ഡിൽ സിപിഒമാരായ സുരേഷ് കുമാർ, ഉണ്ണികൃഷ്ണപിള്ള സിഇഒമാരായ അഭിലാഷ്, പ്രസാദ് , ദിലീപ് കുമാർ, പ്രഭകുമാർ, വിനീഷ്, അജയഘോഷ് വനിതാ എക്സൈസ് ഓഫീസർ ഷൈമ എന്നിവരാണ് പ്രതിയെ പിടികൂടിയത്.