കൊല്ലം:സ്കൂൾ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട ബൈക്ക് ബസിന് മുന്നിലേക്ക് വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കരവാളൂർ ഷൈജു ഭവനിൽ സെബാസ്റ്റ്യൻ പോളിൻ്റെ മകൻ ഷൈജു സെബാസ്റ്റ്യൻ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടരയോടെ പുനലൂർ-അഞ്ചൽ റോഡിൽ കരവാളൂർ കനാൽ ജങ്ഷന് സമീപത്താണ് അപകടം നടന്നത്.
കരവാളൂരിൽ നിന്നും അഞ്ചിലേക്ക് ബൈക്കിൽ വരികയായിരുന്ന യുവാവ് മുന്‍പിലുള്ള കരവാളൂർ ഓക്സ്ഫോർഡ് സ്കൂൾ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് ബസിൻ്റെ മുന്നിലേക്ക് വീഴുകയായിരുന്നു. ബൈക്കിൽ കുടുങ്ങിക്കിടന്ന യുവാവുമായി ബസ് അൽപദൂരം മുന്നോട്ടുപോയി. പരിക്കേറ്റ ഷൈജുവിനെ നാട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിനു മുൻപേ മരണം സംഭവിച്ചിരുന്നു.