കൊല്ലം: ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക സമരത്തിന്‍റെ ഭാഗമായി കൊല്ലത്ത് പിന്നോട്ട് നടന്ന് പ്രതിഷേധം. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയാണ് ജീവനക്കാർ രണ്ടു ദിവസത്തെ സമരം സംഘടിപ്പിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് യൂണിയൻ ആണ് സമരം സംഘടിപ്പിക്കുന്നത്. ഇന്നലെ ആരംഭിച്ച സമരം ഇന്ന് അവസാനിക്കും.
വനിതകൾ ഉൾപ്പെടെ നൂറ് കണക്കിന് ജീവനക്കാരാണ് പിന്നോട്ട് നടന്നുള്ള പ്രതിഷേധത്തിൽ പങ്കെടുത്തത്. ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം എസ്.ബി.ഐ. ബാങ്കിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ കെ.വരദരാജൻ ഉദ്‌ഘാടനം ചെയ്തു. നേതാക്കളായ യു. ഷാജി, എം.എം.അൻസാരി, അഖിൽ, രതീഷ്, ബിജു, സതീഷ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.