കൊല്ലം: ജില്ലയില്‍ ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവറെ മർദിച്ചതായി പരാതി. കൂട്ടിക്കട അമ്മാച്ഛൻമുക്കിൽ ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവര്‍ ബാജിയെയാണ് മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറും സുഹൃത്തുക്കളും സംഘം ചേർന്ന് മർദിച്ചത്. കൂട്ടിക്കട സ്റ്റാൻഡിന് സമീപത്ത് നിന്നും മറ്റൊരു സ്റ്റാൻഡിൽ ഓട്ടോ ഓടിച്ചിരുന്ന ബാജി യാത്രക്കാരെ കയറ്റി ഓട്ടം ഓടിയതാണ് സംഭവങ്ങൾക്ക് കാരണം. കൂട്ടിക്കട സ്വദേശി റെജി എന്ന ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെയാണ് ബാജി ഇരവിപുരം പൊലീസിൽ പരാതി നൽകിയത്. കൂട്ടിക്കട സ്റ്റാൻഡിൽ നിന്നും റെജി ബാജിയുടെ ഓട്ടോറിക്ഷ തടയുകയും, യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്‌തതോടെയാണ് ഇരുവരും തമ്മിൽ വാക്കേറ്റവും, ഉന്തും തള്ളും ഉണ്ടായത്. തുടര്‍ന്ന് മറ്റ് ഓട്ടോ ഡ്രൈവർമാര്‍ ഇടപ്പെട്ട് ഇരുവരെയും പിന്തിരിപ്പിക്കുകയായിരുന്നു. തുടർന്ന് രാത്രി റെജിയും സുഹൃത്തുക്കളും ബാജിയുടെ വീട്ടിലെത്തി മര്‍ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
ആക്രമണത്തില്‍ ബാജിയുടെ വാരിയെല്ലുകൾക്കും മുഖത്തിനും പരിക്കേറ്റിട്ടുണ്ട്. മാരകായുധം ഉപയോഗിച്ച് മർദിക്കുകയും ചെയ്‌തതായി ബാജി പൊലീസിന് മൊഴി നൽകി. നിലവില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് ബാജി. താടിയെല്ലിന് തിങ്കളാഴ്‌ച ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ് ഡോക്‌ടർമാർ. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുബത്തിന്‍റെ ഏക ആശ്രയമാണ് വികലാംഗനായ ഈ ഓട്ടോറിക്ഷ തൊഴിലാളി.