കൊല്ലം: മണ്ണ് മാഫിയയുമായുണ്ടായ തർക്കത്തിനൊടുവില്‍ യുവാവിനെ വധിക്കാൻ ശ്രമിച്ച അഞ്ചംഗ സംഘം പിടിയില്‍. കൊട്ടാരക്കര കൊഴുവൻ പാറയിലാണ് സംഭവം. സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലിചെയ്യുന്ന ശ്രീക്കുട്ടനാണ് അക്രമത്തിനിരയായത്. പോരുവഴി സ്വദേശികളായ രാജേഷ് (27), അനു (23), അനൂപ് (23), സുബിൻ (23), അനീഷ് (28) എന്നിവരെയാണ് പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മാരകായുധങ്ങളുമായി എത്തിയ അക്രമികൾ ശ്രീക്കുട്ടനെ കമ്പിവടികൊണ്ടു തലക്കടിക്കുകയായിരുന്നു. പ്രാണരക്ഷാർത്ഥം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ശ്രീക്കുട്ടനെ അക്രമികൾ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.
കൊഴുവൻ പാറയിൽ മണ്ണെടുപ്പ് നടന്ന സ്ഥലത്തുനിന്നു ലോഡ് കൊണ്ടുപോകാൻ വന്ന സംഘത്തിന് മണ്ണ് കയറ്റി നൽകാത്തതിലുള്ള വിരോധമാണ് അക്രമത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം. പാസ് ഇല്ലാത്ത കാരണത്താൽ ശ്രീക്കുട്ടൻ പ്രതികൾക്ക് മണ്ണു നൽകാതെ മടക്കി അയച്ചിരുന്നു. തുടർന്ന് പ്രകോപിതരായ ഇവർ ബൈക്കിലും കാറിലുമായി എത്തി ശ്രീക്കുട്ടൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരെ ഉൾപ്പടെ കയ്യേറ്റം ചെയ്യുകയായിരുന്നു. തടസം നിൽക്കാനായി വന്ന നാട്ടുകാർക്കും അക്രമികളിൽനിന്നും മർദനമേറ്റിട്ടുണ്ട്. പുത്തൂർ സി ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. വധശ്രമത്തിന് കേസെടുത്ത് അഞ്ചുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.