തെങ്കാശി : റെയില്‍വേ ഗേറ്റ് കീപ്പറായി ജോലി ചെയ്യുന്ന മലയാളി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന വാർത്തയില്‍ വിശദീകരണവുമായി ഭർത്താവും യുവതിയും. പീഡനശ്രമം നടന്നിട്ടില്ലെന്നും അത്തരത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വാർത്തകൾ വസ്‌തുതയല്ലെന്നും യുവതിയുടെ ഭർത്താവ് മാധ്യമങ്ങളോട് വിശദീകരിച്ചു.
ഉപദ്രവിക്കണം എന്ന ഉദ്ദേശത്തോടെ തന്നെയാണ് അക്രമി എത്തിയത്. എന്നാല്‍ തന്‍റെ ഭാര്യ മനസ്സാന്നിധ്യം കൈവിടാതെ അക്രമിയെ നേരിട്ടതോടെ അയാള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും യുവതിയുടെ ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു.
'ജോലി ചെയ്യുന്നതിനിടെ ഒരാൾ പെട്ടെന്ന് മുറിയിലേക്ക് വന്ന് വാതില്‍ അടയ്ക്കുകയായിരുന്നു. ഷർട്ടിടാതെ വന്ന അക്രമി കാക്കി കളർ പാന്‍റ് മാത്രമാണ് ധരിച്ചിരുന്നത്. പെട്ടെന്ന് മുറിയില്‍ കടന്ന് വാതില്‍ അകത്തുനിന്ന് അടയ്ക്കുകയായിരുന്നു. ഉടൻ ജനല്‍ തുറന്ന് നിലവിളിച്ചു. ഉപദ്രവിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അക്രമിയെ നേരിടുന്നതിനിടെ കഴുത്തിന് പരിക്കേറ്റു. ജനല്‍ തുറന്ന് നിലവിളിച്ചപ്പോൾ, ആളുകൾ വരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അക്രമി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു' - ഭർത്താവ് വിശദീകരിച്ചു.
'അതിക്രമങ്ങള്‍ വളരെയധികം വർധിക്കുന്ന സാഹചര്യത്തില്‍ സ്വന്തം സുരക്ഷ സ്ത്രീകളുടെ കൈകളിലാണ്. എന്‍റെ ഭാര്യ അക്രമിയെ നേരിട്ട് സ്വന്തം ജീവൻ രക്ഷിച്ചെടുക്കുകയായിരുന്നു. അക്രമിയെ നേരിട്ട് അവൾ വിജയിക്കുകയാണ് ചെയ്‌തത്'. സ്ത്രീകൾ അതിക്രമങ്ങളെ അതിജീവിക്കുമ്പോൾ അതായിരിക്കണം വാർത്തയായി വരേണ്ടതെന്നും യുവതിയുടെ ഭർത്താവ് മാധ്യങ്ങളോട് പറഞ്ഞു.
ALSO READ: തെങ്കാശി ലൈംഗികാതിക്രമം: കൊല്ലം സ്വദേശിയായ പ്രതി പിടിയില്‍
അക്രമിയെ നേരിട്ടത് യുവതി വിശദീകരിക്കുന്നു: ക്യാമറകള്‍ കൊണ്ട് സുരക്ഷ സാധ്യമാകില്ലെന്നും സ്ത്രീകളുടെ രക്ഷയ്ക്ക് അവര്‍ തന്നെ വിചാരിക്കേണ്ട സാഹചര്യമാണെന്നും അക്രമത്തിന് ഇരയായ യുവതി പറഞ്ഞു. 'ക്യാമറ ഉണ്ടെങ്കിലും സുരക്ഷയുണ്ടെന്ന് വിചാരിക്കുന്നില്ല. എന്‍റെ മനശ്ശക്തികൊണ്ട് മാത്രമാണ് ഞാൻ രക്ഷപ്പെട്ടത്. അത്രയും തിരക്കുള്ള സ്ഥലമായിരുന്നിട്ട് കൂടിയും വലിയ ഉച്ചത്തില്‍ നിലവിളിച്ചിട്ടും ആദ്യം ആരും വന്നില്ല. സ്ത്രീകളുടെ സുരക്ഷ അവരുടെ കൈകളിലാണ്. കുടുംബത്തെയും കുട്ടികളെയും ഓർത്ത് മനസ്സാന്നിധ്യം കൈവിടാതെ നേരിട്ടതുകൊണ്ടാണ് അക്രമി ഓടിരക്ഷപ്പെട്ടത്. ജീവൻ തിരികെ കിട്ടിയത് എന്‍റെ മനസ്സാന്നിധ്യം കൊണ്ടുമാത്രമാണ്' - യുവതി വിശദീകരിച്ചു.
ALSO READ: തെങ്കാശിയില്‍ മലയാളി റെയിൽവേ ജീവനക്കാരിക്ക് നേരെ പീഡനശ്രമം; യുവതി ആശുപത്രിയിൽ
അക്രമം തെങ്കാശി - തിരുനെല്‍വേലി ലൈനില്‍ : തെങ്കാശിക്ക് സമീപം സംസ്ഥാന പാതയില്‍ ഭാവൂർഛത്രം റെയില്‍വേ ഗേറ്റില്‍ ഫെബ്രുവരി 16ന് രാത്രിയാണ് സംഭവം നടന്നത്. ഫെബ്രുവരി 20ന് സംഭവത്തില്‍ പ്രതിയായ കൊല്ലം പത്തനാപുരം സ്വദേശി അനീഷിനെ ചെങ്കോട്ട റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പൊലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങളും യുവതിയുടെ മൊഴിയും അടിസ്ഥാനമാക്കിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.