കൊല്ലം: 'ബ്രേക്ക് ദ ചെയിൻ' പ്രചാരണത്തിന്‍റെ ഭാഗമായി കൊല്ലം റൂറൽ പൊലീസ് പരിധിയിൽ കൈ കഴുകൽ കേന്ദ്രങ്ങൾ സ്ഥാപിച്ചു. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങ് ജില്ലാ റൂറൽ പൊലീസ് മേധാവി ഹരിശങ്കർ ഐപിഎസ് ഉദ്‌ഘാടനം ചെയ്‌തു. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും കൈ കഴുകാനുള്ള സോപ്പ്, സാനിറ്റൈസറുകൾ എന്നിവ ലഭ്യമാക്കി കൊണ്ടാണ് പദ്ധതി തുടങ്ങിയിരിക്കുന്നത്.
കേരള പൊലീസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹരിശങ്കർ ഐപിഎസ് ജീവനക്കാർക്ക് മാസ്‌ക്കുകൾ വിതരണം ചെയ്‌തു. പരുത്തി തുണിയിൽ നിർമ്മിച്ച മാസ്‌ക്കുകളുടെ ഉപയോഗവും അദ്ദേഹം വിവരിച്ചു. ജില്ലയിൽ വാഹനാപകടങ്ങളിൽ പെടുന്നവരെ ഉടൻ ആശുപത്രിയിൽ എത്തിക്കുന്നതിനായി ആളുകൾ മടിക്കുന്ന സാഹചര്യമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസുകാരുടെ പോക്കറ്റിൽ സൂക്ഷിക്കാവുന്ന തരത്തിലുള്ള മിനി സാനിറ്റൈസറുകൾ ഡിഎംഒയുടെ നേതൃത്വത്തിൽ നൽകിയിട്ടുണ്ടെന്നും ഹരിശങ്കർ പറഞ്ഞു. കൊല്ലം റൂറൽ കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ഹാൻഡ് വാഷ് വിതരണവും നടന്നു.