കൊല്ലം: പാവുമ്പ കല്ലുപാലത്തിൽ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പാലം ഗുരുതരമായ തകർച്ച നേരിടുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ പരിശോധന. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ പ്രത്യേക നിർദേശപ്രകാരമാണ് വകുപ്പ് തല ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പുരാവസ്‌തു വകുപ്പ് സൂപ്രണ്ട് രാഗേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഏത് നിമിഷവും നിലം പൊത്താറായ പാലം പുനർനിർമിച്ച് സംരക്ഷിത സ്മാരകമാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.
അതിന്റെ പ്രാരംഭ നടപടികൾ ഉടൻ ആരംഭിക്കുമെന്നും വിവിധ വകുപ്പുകളുടെ സംയോജനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ച് നൂറ്റാണ്ട് പഴക്കമുള്ള അത്യപൂർവമായ വെള്ളാരം കല്ലുകളിൽ പ്രത്യേക അനുപാതത്തിൽ അടുക്കി ചേർത്ത് നിർമിക്കപ്പെട്ട പാലം നാടിന്‍റെ സാംസ്‌കാരിക പൈതൃകത്തിന്‍റെയും വളർച്ചയുടെയും ചൂണ്ടുപലകയായിരുന്നു. പാലം സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സംരക്ഷണ സമിതി രൂപീകരിച്ചിരുന്നു. പുരാവസ്തു വകുപ്പിന് പാലം പുനർ നിർമിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത ഉറപ്പ് നൽകി.