കൊല്ലം : കൊല്ലത്ത് കെ.സുരേന്ദ്രൻ വിരുദ്ധർ സമാന്തര സംഘടനയ്ക്ക് തുടക്കം കുറിച്ചു. ബി.ബി ഗോപകുമാർ ജില്ല പ്രസിഡന്‍റായതിനുശേഷം കൊല്ലം ജില്ലയിൽ ബിജെപി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന നേതാക്കളാണ് അടൽജി ഫൗണ്ടേഷന്‍റെ മറവിൽ സമാന്തര സംഘടനയ്ക്ക് തുടക്കം കുറിച്ചത്. ബിജെപി മുൻ വക്താവ് എം.എസ് കുമാർ, വിരുദ്ധ ചേരിയുടെ യോഗം ഉദ്‌ഘാടനം ചെയ്‌തത് വി.മുരളീധരൻ വിഭാഗത്തിനുള്ള മുന്നറിയിപ്പായി.
ബിജെപിയെ ഹൈജാക്ക് ചെയ്യുന്ന മുരളീധര, സുരേന്ദ്രൻ പക്ഷത്തിനെതിരെയുള്ള പടയൊരുക്കം കൂടിയായിരുന്നു പ്രഥമ യോഗം. നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ബിജെപിയിൽ നിന്ന് സംഘടനയ്ക്ക് ചുക്കാൻ പിടിച്ച നേതാക്കൾ വരെ പാർട്ടി വിടുന്നത് തടയുന്നതിൽ ബിജെപി നേതൃത്വം പരാജയപ്പെടുന്ന പശ്ചാത്തലത്തിലാണ് സമാന്തര സംഘടനയെന്നതും ശ്രദ്ധേയമാണ്.
തെരഞ്ഞെടുപ്പ് ഫണ്ട് മാറ്റിയത് ബിജെപി കേന്ദ്ര നേതൃത്വം അറിഞ്ഞിട്ടും കെ.സുരേന്ദ്രൻ ഉൾപ്പടെയുള്ളവർക്കെതിരെ നടപടി വൈകുന്നതും വിരുദ്ധ ചേരിയുടെ പ്രതിഷേധത്തിന് കാരണമാണ്. ബിജെപിയെ വളർത്താൻ രാപ്പകല്‍ കഷ്‌ടപ്പെട്ടവരെ പാർട്ടി വിസ്‌മരിക്കുന്നതിലെ പ്രതിഷേധം കൂടിയായി സമാന്തര യോഗം.
ബിജെപിയുടെ നാല് മുൻ ജില്ല പ്രസിഡന്‍റുമാരായ കെ.ശിവദാസൻ, പട്ടത്താനം രാധാകൃഷ്‌ണൻ, അഡ്വ.കിഴക്കനേല സുധാകരൻ, വൈക്കൽ മധു എന്നിവരും ബിജെപി മുൻ സംസ്ഥാന ട്രഷറർ എം.എസ് ശ്യാംകുമാർ, മേഖല പ്രസിഡന്‍റ് അഡ്വ. ജി.ഗോപകുമാർ, യുവമോർച്ച മുൻ സംസ്ഥാന സെക്രട്ടറി ജി ഹരി, ആർ.എസ്.എസ്, ഭാരതീയ വിചാര കേന്ദ്രം, ബിഎംഎസ് നേതാക്കളും സമാന്തര സംഘടയുടെ പ്രഥമ യോഗത്തിൽ പങ്കെടുത്തു. കൊല്ലം ജില്ലയ്ക്ക് പിന്നാലെ മറ്റ് ജില്ലകളിലും അടൽജി ഫൗണ്ടേഷന്‍റെ മറവിൽ വി.മുരളീധര വിരുദ്ധർ ഒത്തുകൂടും.