കൊല്ലം : ആലപ്പാട്ട് വെള്ളനാതുരുത്തിൽ കേന്ദ്ര സ്ഥാപനമായ ഐ ആർ ഇ എൽ ഖനനം നടത്തുന്നത് പഞ്ചായത്തിന്റെ അനുമതിയില്ലാതെ. ഖനനം സംബന്ധിച്ച വിവരാവകാശ രേഖയിലാണ് ഇത് വ്യക്തമാക്കുന്നത്. പഞ്ചായത്ത് പരിധിയിൽ നടക്കുന്ന ഏതു നിർമാണപ്രവർത്തനങ്ങൾക്കും പഞ്ചായത്തിന്റെ അനുമതി വേണമെന്ന് ഇരിക്കെയാണ് നിയമം ലംഘിച്ച് സർക്കാർ സ്ഥാപനം തന്നെ അനധികൃത ഖനനം നടത്തുന്നത്.
പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയും സമാനമായ വിശദീകരണമാണ് ഖനനാനുമതിയുടെ കാര്യത്തിൽ നൽകുന്നത്. നിയമപരമായി നേടേണ്ട ലൈസൻസുകളുടെ പിൻബലമില്ലാതെയുള്ള അനധികൃത ഖനനങ്ങൾ തടയാൻ തദ്ദേശഭരണ സ്ഥാപനങ്ങളും ജില്ലാഭരണകൂടവും ബാധ്യസ്ഥരാണെന്ന് പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റി സാക്ഷ്യപ്പെടുത്തുന്നു.
അതേസമയം, പരിസ്ഥിതിയെ ഇല്ലാതാക്കിയുള്ള പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് ബോധപൂർവ്വം കൂട്ടുനിൽക്കുന്നുവെന്ന് ആരോപിച്ച് ആലപ്പാട് സമരസമിതി പഞ്ചായത്ത് ഓഫീസിലേക്ക് നാളെ പ്രതിഷേധ മാർച്ച് നടത്തും. 'ആലപ്പാടിനെ സംരക്ഷിക്കൂ ഖനനം അവസാനിപ്പിക്കൂ' എന്ന മുദ്രാവാക്യം ഉയർത്തി ആരംഭിച്ച ജനകീയ സമരം 200 ദിവസം പൂർത്തിയാക്കുകയാണ്. അനധികൃത ഖനന പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പുതിയ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് സമരസമിതി പ്രവർത്തകർ പറഞ്ഞു