കൊല്ലം: രണ്ടു വർഷമായി ആഫ്രിക്കൻ ഒച്ചുകളുടെ ശല്യത്താൽ ബുദ്ധിമുട്ടിലാവുകയാണ് കൊട്ടാരക്കര എഴുകോൺ പ്രദേശവാസികൾ. മഴക്കാലമായതോടെ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. മണ്ണിനടിയിലും,മാലിന്യങ്ങളിലും വസിക്കുന്ന ആഫ്രിക്കൻ ഒച്ചുകൾ മഴ ശക്തിപ്രാപിച്ചതോടെ കൃഷിയിടങ്ങളിലും മറ്റും വ്യാപകമായി കണ്ടുവരുന്നു.
എഴുകോൺ പഞ്ചായത്തിലെ ഏഴ്,എട്ട് വാർഡുകളിലാണ് ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായിട്ടുളളത്. വീടുകളിലും പരിസരപ്രദേശങ്ങളിലും ജലസ്രോതസ്സുകളിലുൾപ്പടെ ഇവയുടെ ശ്രവം കലരുന്നതിനാൽ അലർജി രോഗങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
കൃഷി വകുപ്പിന്‍റെ നേതൃത്വത്തിൽ സമഗ്ര ആഫ്രിക്കൻ ഒച്ച് നിവാരണ യജ്ഞം നടത്തിയിരുന്നുവെങ്കിലും പൂർണമായും ഒച്ചുകളെ നശിപ്പിക്കാൻ സാധിച്ചിരുന്നില്ല. ഒരു വർഷം മൂവായിരത്തിലധികം മുട്ടയിടുന്ന ആഫ്രിക്കൻ ഒച്ചുകളെ പൂർണമായും നശിപ്പിക്കുക പ്രയാസമാണെന്നും എഴുകോൺ കൃഷി ഓഫിസർ അനുഷ്‌മ പറയുന്നു.
Also Read: പച്ചക്കറി കടകളിൽ മോഷണം നടത്തുന്ന കമിതാക്കൾ പിടിയിൽ
ആഹാരപദാർത്ഥങ്ങളിൽ പോലും കടന്നുവരാറുള്ള ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കുന്നതിനായി ഉപ്പുമായി കാത്തിരിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാരെന്ന് കർഷകനായ സന്ദീപ് പറയുന്നു. മൂന്നു വർഷംവരെ മണ്ണിനടിയിൽ കഴിയാൻ ശേഷിയുള്ള അപകടകാരിയായ ഒച്ചുകളെ നശിപ്പിക്കുന്നതിനുള്ള നടപടി അധികൃതർ എത്രയും വേഗം എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.