കൊല്ലം: പൊലീസ് വാഹനത്തിൽ കയറാൻ വിസമ്മതിച്ച വയോധികനെ മർദിച്ച സംഭവത്തിൽ ട്രെയ്‌നി എസ്ഐയെ സ്ഥലം മാറ്റി. കഠിന പരിശീലനത്തിനായി കെഎപി 5 ബറ്റാലിയനിലേക്കാണ് മാറ്റിയത്. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം തുടർ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൊല്ലം റൂറൽ എസ്‌പിയോട് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുഡിൻ റിപ്പോർട്ട് തേടിയിരുന്നു.
കൂടുതൽ വായനയ്ക്ക്: ഹെല്‍മറ്റില്ലാതെ യാത്ര, പൊലീസ് വാഹനത്തില്‍ കയറാൻ വിസമ്മതിച്ചയാൾക്ക് മർദനം
ജോലിക്കായി സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന രാമാനന്ദനെ ഹെൽമറ്റ് ഇല്ലാത്തതിനാൽ തടയുകയും പൊലീസ് വാഹനത്തിൽ കയറാൻ വിസമ്മതിച്ചതിനെ തുടർന്ന് മർദിക്കുകയുമായിരുന്നു. രാവിലെ ആയൂരില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. എന്നാൽ എസ്.ഐയെ ആക്രമിക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് രാമാനന്ദനെ മര്‍ദിച്ചതെന്നാണ് പൊലീസ് ഭാഷ്യം. ഹൃദ്രോഗിയായ രാമാനന്ദന്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.