കൊല്ലം: വോട്ടഭ്യർഥന നടത്തുന്നതിനിടെ വനിത സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചയാളെ ഇരവിപുരം പൊലീസ് പിടികൂടി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ഇരവിപുരം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളുമായ ബൈജു (42) ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 22ന് രാവിലെ പതിനൊന്നു മണിയോടെയാണ് ഇയാൾ വനിത സ്ഥാനാർഥിയ്ക്കുനേരെ അസഭ്യവർഷം നടത്തി അപകീർത്തിപ്പെടുത്തുവാൻ ശ്രമിച്ചത്. ഏതാനം ദിവസങ്ങൾക്ക് മുമ്പ് ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതി കൂനമ്പായിക്കുളം ഭാഗത്ത് ആയുധങ്ങളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു വരികയായിരുന്നു. ഭയം മൂലം ആരും പരാതി നൽകുവാൻ തയ്യാറായിരുന്നില്ല. ഇക്കഴിഞ്ഞ 20 ന് പാലത്തറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെത്തി ഡോക്‌ടറെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്‌തിരുന്നു. കൂനമ്പായിക്കുളത്തു വച്ച് റിട്ട. ഇഎസ്ഐ ജീവനക്കാരന്‍റെ കൈയ്യിലുണ്ടായിരുന്ന പണം തട്ടിയെടുക്കുകയും അടുത്തുള്ള കടക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.
ഇയാൾ കാരണം സമാധാന ജീവിതം തകർന്നതോടെ ഇരവിപുരം എസ്എച്ച്ഒ വിനോദിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. കൊച്ചു കൂനമ്പായിക്കുളത്തുള്ളതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. പിടികൂടാനുള്ള ശ്രമത്തിനിടെ ആയുധം കാട്ടി പൊലീസിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. ഇയാളെ കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലുള്ള ഡിറ്റൻഷൻ സെന്‍ററിലെത്തിച്ചപ്പോൾ അവിടെയും ഭീകരാന്താരീക്ഷം സൃഷ്‌ടിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്‌തു. ഇതിന് കൊല്ലം വെസ്റ്റ് പൊലീസും ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.