കൊല്ലം: കുണ്ടറ ചന്ദനത്തോപ്പിൽ പൊലീസ് വാഹന പരിശോധനയ്ക്കിടെ അപകട മരണം. ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. പൊലീസിനെക്കണ്ട് ബൈക്ക് വെട്ടിക്കുമ്പോൾ നിയന്ത്രണം വിട്ട് അപകടം സംഭവിക്കുകയായിരുന്നു എന്നാരോപിച്ച് പൊലീസിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
കുണ്ടറ ഭാഗത്തേക്ക് പോവുകയായിരുന്ന ഇരവിപുരം ചകിരിക്കട സ്വദേശി സലീമാണ് അപകടത്തിൽപ്പെട്ട് മരണമടഞ്ഞത്. സലീം സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ലോറി തട്ടി നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് കയറുകയായിരുന്നു. അപകടം നടന്ന സ്ഥലത്തിന് അടുത്തായി പൊലീസ് വാഹനം നിർത്തിയിട്ടിരുന്നു. വാഹന പരിശോധനയുടെ ഭാഗമായിട്ടാണ് ഇവിടെ പൊലീസ് വാഹനം ഉണ്ടായിരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. നാട്ടുകാർ സംഘടിച്ച് പൊലീസ് വാഹനം തടഞ്ഞിട്ടു. തുടർന്ന് കുണ്ടറ സിഐ ജയകൃഷ്‌ണൻ പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും ഇവർ പ്രതിഷേധം അവസാനിപ്പിക്കാൻ കൂട്ടാക്കിയില്ല. പ്രതിഷേധം ശക്തമായതോടെ അഡീഷണൽ എസ്‌പി മധുസൂതനൻ സംഭവസ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചതിനെ തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞ് പോയത്.
പൊലീസിന്‍റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ പരിശോധിക്കാമെന്ന ഉറപ്പിൻമേലാണ് നാട്ടുകാർ പൊലീസ് വാഹനം വിട്ട് നൽകിയത്. എന്നാൽ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ലോറി ഡ്രൈവറുടെ പിഴവാണ് അപകട കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മരിച്ച സലീമിന്‍റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് വാഹനം തടഞ്ഞിട്ടതിനും, പൊലീസിന്‍റെ ജോലി തടസപ്പെടുത്തിയതിനു പ്രതിഷേധക്കാർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു