കൊല്ലം : അഞ്ചല്‍ തടിക്കാട്ടില്‍ വെള്ളിയാഴ്‌ച കാണാതായ രണ്ട് വയസുകാരനെ തൊട്ടടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തി. ശനിയാഴ്‌ച രാവിലെ ഏഴ് മണിയോടെ റബ്ബര്‍ തോട്ടത്തിലെത്തിയ ടാപ്പിംഗ് തൊഴിലാളിയാണ് കുട്ടിയെ കണ്ടത്. ഉടന്‍ പൊലീസില്‍ അറിയിക്കുകയും കുട്ടിയെ പ്രാഥമിക ശുശ്രൂഷ നല്‍കാനായി പുനല്ലൂരിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
തടിക്കാട് സ്വദേശികളായ അൻസാരി - ഫാത്തിമ ദമ്പതികളുടെ മകനാണ് ഫര്‍ഹാന്‍. കാണാതായതുമുതല്‍ ഫര്‍ഹാനായി നാട്ടുകാരും പൊലീസും, ഡോഗ് സ്ക്വാഡും, ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിവരികയായിരുന്നു. എന്നാല്‍ മഴ കനത്തതോടെ രാത്രി വൈകി സംഘം തിരച്ചില്‍ നിര്‍ത്തിവച്ചു.
also read: ഭക്ഷണം ചോദിച്ച നാല് വയസുകാരനെ കൈ പൊള്ളിച്ച്, കട്ടിലില്‍ കെട്ടിയിട്ട് രണ്ടാനമ്മ
രാത്രിയിലും നാടൊട്ടാകെ തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിയാത്ത ഫര്‍ഹാന്‍ തൊട്ടടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ എങ്ങനെയെത്തി എന്ന കാര്യത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു. രാത്രിയിലെ കനത്ത മഴയിലും കരയുക പോലും ചെയ്യാതെ ഫര്‍ഹാന്‍ റബ്ബര്‍ തോട്ടത്തിലിരുന്നോ?, ആരെങ്കിലും തട്ടിക്കൊണ്ടുപോയി ഒടുവിൽ നിവൃത്തിയില്ലാതെ വന്നപ്പോൾ റബ്ബർ തോട്ടത്തിൽ ഉപേക്ഷിച്ചതാണോ? തുടങ്ങിയ ചോദ്യങ്ങളാണ് ബന്ധുക്കളും നാട്ടുകാരും ഉയര്‍ത്തുന്നത്.
ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.