കൊല്ലം: ലോകം മുഴുവൻ കൊവിഡ് ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോൾ കേരളം ശക്തമായ പ്രതിരോധ മാർഗ്ഗങ്ങളുമായി കൊവിഡിനെ നേരിടുകയാണ്. സർക്കാർ സംവിധാനങ്ങൾ എണ്ണയിട്ട യന്ത്രം പോലെ കൊവിഡ് പ്രതിരോധത്തില്‍ ഏർപ്പെടുമ്പോൾ തങ്ങളാല്‍ കഴിയുന്ന സഹായവുമായി ജനങ്ങളും സർക്കാരിനൊപ്പമുണ്ട്. കൊല്ലം മാടൻനട ആദിക്കാട്ട് ശ്രീകൃഷ്ണ സ്റ്റോർ എന്ന പലചരക്ക് കട നടത്തുന്ന ഗോപകുമാറും സർക്കാരിനൊപ്പമാണ്. കഴിഞ്ഞ നാല് ദിവസത്തെ കച്ചവടലാഭമായ 5000 രൂപ ഗോപകുമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. " എന്നാല്‍ കഴിയും വിധം ഞാനും" എന്ന തലക്കെട്ടുള്ള പോസ്റ്ററും കടയില്‍ പതിച്ചിട്ടുണ്ട്. ലാഭം ദുരിതാശ്വാസ നിധിയിലേക്കാണെന്ന അറിയിപ്പും ഒപ്പമുണ്ട്.
തന്‍റെ പ്രവൃത്തി മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെയെന്നാണ് സീരിയലിലും പരസ്യ ചിത്രങ്ങളിലും അഭിനേതാവ് കൂടിയായ ഗോപകുമാര്‍ പറയുന്നത്. പൊതുപ്രവര്‍ത്തനത്തിലും സജീവമായ ഗോപന്‍ പ്രദേശത്തെ നിര്‍ധനരുടെ വീടുകളില്‍ സൗജന്യമായി ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നുമുണ്ട്. ഗോപകുമാറിന്‍റെ സദ്പ്രവര്‍ത്തി സമൂഹത്തിന് മാതൃകയാണെന്ന് തുകയേറ്റുവാങ്ങിയ എം നൗഷാദ് എം.എല്‍.എ പറഞ്ഞു.