കൊല്ലം: കുളിമുറി ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കൊല്ലം കുരീപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. അറസ്റ്റിലായവരില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ അമ്മാവന്‍റെ രണ്ടാം ഭാര്യയാണ്.
പെണ്‍കുട്ടിക്ക് സ്വകാര്യ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലോഡ്‌ജില്‍ എത്തിച്ച ശേഷം കുളിമുറി ദൃശ്യങ്ങള്‍ രഹസ്യക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ദൃശ്യങ്ങളുപയോഗിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചു. കരുനാഗപ്പള്ളി, കൊല്ലം, കൊട്ടിയം എന്നീ സ്ഥലങ്ങളിലെ വിവിധ ലോഡ്‌ജുകളില്‍ എത്തിച്ചായിരുന്നു പീഡനം. സംഭവത്തില്‍ പങ്കുള്ള 10 പേരെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അഞ്ചാലംമൂട് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരു ലോഡ്ജ് ഉടമയെ ആണ് പൊലീസ് ആദ്യം പിടികൂടിയത്. പിന്നീട് അമ്മാവന്‍റെ ഭാര്യയെ ചോദ്യം ചെയ്ത പൊലീസ് ഇവരില്‍ നിന്നും കിട്ടിയ വിവരമനുസരിച്ച് മറ്റു രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ പലര്‍ക്കുമായി കാഴ്ചവച്ച് അമ്മാവന്‍റെ ഭാര്യ ലക്ഷങ്ങള്‍ സമ്പാദിച്ചുവെന്നും പൊലീസ് പറയുന്നു.