കാസർകോട്: സുള്ള്യയിൽ യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. കൊലപാതക സംഘത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സംഭവം നടന്ന സ്ഥലത്ത് രണ്ടംഗ സംഘം ബൈക്കിലെത്തുന്നതാണ് ദൃശ്യം.
കൊലപാതകം നടന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള പെട്രോൾ പമ്പിലെ ദൃശ്യങ്ങളാണ് ലഭിച്ചതെന്നാണ് സൂചന. ദൃശ്യത്തില്‍ കാണുന്ന ബൈക്ക് കേരള രജിസ്ട്രേഷനിലുള്ളതെന്നാണ് പൊലീസിന്‍റെ നിഗമനം. കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സവണ്ണൂർ സ്വദേശി ഷാക്കിർ, ബെല്ലാരി സ്വദേശി മുഹമ്മദ് ഷഫീഖ് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതക സംഘത്തിന് വിവരം നൽകിയവരാണ് അറസ്റ്റിലായതെന്നാണ് പൊലീസ് നൽകുന്ന വിവരം. ബെല്ലാരെയ്ക്ക് സമീപം നെട്ടാരുവിൽ ചൊവ്വാഴ്‌ചയാണ് (ജൂലൈ 26) ആക്രമണം നടന്നത്.
ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
also read: യുവമോർച്ച നേതാവിന്‍റെ കൊലപാതകം: രണ്ടു പേര്‍ അറസ്റ്റില്‍