കാസർകോട്: ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്ന് ഹോട്ടലില്‍ ആരോഗ്യ വകുപ്പിന്‍റെ പരിശോധന. ചെങ്കളയിലെ എവറസ്റ്റ് ഹോട്ടലിലാണ് സംഘം പരിശോധന നടത്തിയത്. പരിശോധനയില്‍ പുഴുവരിക്കുന്ന കോഴി ബിരിയാണിയില്‍ കണ്ടെത്തി.
സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ സീല്‍ ചെയ്തു. ബുധനാഴ്‌ച ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ച ചെർക്കള സെൻട്രൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പത്താം ക്ലാസ് വിദ്യാര്‍ഥികളായ ബി.എ അനസ്, മുഹമ്മദ്, ഇബ്രാഹിം, ജാഹിദ് അബ്ദുല്ല, സാലിത് അഹമ്മദ്, സമീർ എന്നിവര്‍ക്കാണ് ആദ്യം വിഷബാധയേറ്റത്.
എന്നാല്‍ പിന്നീട് കൂടുതല്‍ കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ഥികള്‍ ചെർക്കള പിഎച്ച്സിയിൽ ചികിത്സ തേടി. എന്നാല്‍ വയറുവേദനയും ചര്‍ദ്ദിയും വര്‍ധിച്ചതോടെ ചെങ്കളയിലെ പബ്ലിക് ഹെല്‍ത്ത് സെന്‍ററിലേക്ക് മാറ്റി.
സംഭവത്തെ തുടര്‍ന്ന് സ്കൂളിലെ പ്രഥമ അധ്യാപകൻ എം. എ അബ്ദുൽ ഖാദർ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. ഇതേ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ്, പൊലീസ്, ഭക്ഷ്യ സുരക്ഷാ വിഭാഗം എന്നിവരെത്തി ഹോട്ടലില്‍ പരിശോധന നടത്തിയത്. പഴകിയ കോഴി ബിരിയാണിക്ക് പുറമെ പഴകിയ അല്‍ഫാമും സംഘം കണ്ടെത്തി. ഹോട്ടലിൽ നിന്ന് ലഭിച്ച പഴകിയ ഭക്ഷ്യവസ്തുക്കൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയ്ക്ക് അയച്ചു. സ്‌കൂളിന് സമീപത്തെ ഹോട്ടലുകളില്‍ കൂടി പരിശോധന തുടരുമെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
also read: ഫ്രിഡ്‌ജില്‍ സൂക്ഷിച്ച ന്യൂഡില്‍സ് കഴിച്ച് രണ്ട് വയസുള്ള കുട്ടി മരിച്ചു