കാസർകോട്: തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങുകയാണ് കാസര്‍കോട്ടെ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭെല്‍-ഇ.എം.എല്‍ കമ്പനിയിലെ തൊഴിലാളികള്‍. സംസ്ഥാന പൊതുമേഖലയില്‍ നിന്നും കേന്ദ്ര പൊതുമേഖലയിലേക്ക് മാറിയ സ്ഥാപനം വീണ്ടും സംസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായെങ്കിലും കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുകൂല നടപടികള്‍ ഉണ്ടാകുന്നില്ല. നഷ്ടക്കണക്കുകള്‍ മാത്രം നിരത്തി സ്ഥാപനം അടച്ചുപൂട്ടലിന്‍റെ വക്കിലെത്തുമ്പോള്‍ 180ലേറെ തൊഴിലാളികളുടെ കുടുംബങ്ങളാണ് ശമ്പളമടക്കം ലഭ്യമാകാത്തതിനാല്‍ മാസങ്ങളായി പട്ടിണിയില്‍ കഴിയുന്നത്.
2011വരെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായിരുന്നു കേരള ഇലക്ട്രിക്കല്‍ അലൈഡ് കെല്‍. പിന്നീട് മഹാരത്ന കമ്പനിയായ ഭെല്‍ സംസ്ഥാന ഓഹരികള്‍ ഏറ്റെടുത്തപ്പോള്‍ ഏറെ പ്രതീക്ഷയോടെ കണ്ട തൊഴിലാളികളാണ് അന്നം മുട്ടാതിരിക്കാന്‍ സമരത്തിന് ഒരുങ്ങുന്നത്. കെല്ലിന്‍റെ ഭാഗമായിരുന്നപ്പോള്‍ ലാഭകരമായി പ്രവര്‍ത്തിച്ച സ്ഥാപനം കേന്ദ്ര പൊതുമേഖലയിലേക്ക് മാറിയതോടെയാണ് ഉത്പാദനം കുറഞ്ഞു കോടികളുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകാതെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ സമരത്തിലേക്ക് കടക്കുന്നത്.
2019 സെപ്തംബര്‍ അഞ്ചിന് ഏറ്റെടുക്കല്‍ സംബന്ധിച്ച് സംസ്ഥാന ക്യാബിനറ്റ് തീരുമാനമെടുത്തുവെങ്കിലും കേന്ദ്രസര്‍ക്കാര്‍ അനുകൂല നടപടികള്‍ സ്വീകരിക്കുന്നില്ല. ഇതേ തുടര്‍ന്ന് തൊഴിലാളികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മൂന്ന് മാസത്തിനകം തുടര്‍നടപടികള്‍ ഉണ്ടാകണമെന്ന ഹൈക്കോടതി ഉത്തരവ് വന്നെങ്കിലും അനുകൂല സമീപനം കേന്ദ്രത്തില്‍ നിന്നും ഉണ്ടായിട്ടില്ല. സ്ഥാപനത്തിന്‍റെ നവീകരണത്തിനായി 10 കോടി രൂപ കഴിഞ്ഞ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിരുന്നുവെങ്കിലും കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളുടേത് പോലെ ഭെല്‍ യൂണിറ്റ് ഏറ്റെടുത്ത് സ്ഥാപനത്തിന്‍റെയും തൊഴിലാളികളുടെയും നിലനില്‍പ്പ് ഉറപ്പുവരുത്തണമെന്നാണ് തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെടുന്നത്.