കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 100 ബൂത്തുകളില്‍ വെബ്‌കാസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തും. കര്‍ണാടകയോട് ചേര്‍ന്ന് കിടക്കുന്ന ദേലംപാടി, ഈസ്റ്റ് എളേരി, ബളാല്‍, പനത്തടി പഞ്ചായത്തുകളിലെ ചില ബൂത്തുകളിലാണ് മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് വെബ്‌കാസ്റ്റിംഗ് സംവിധാനം ഒരുക്കുന്നത്. ഇവിടങ്ങളില്‍ പൊലീസിന് പുറമെ ആന്‍റി നക്‌സല്‍ ഫോഴ്‌സും ഉണ്ടാകും.
കര്‍ണാടകയോട് ചേര്‍ന്ന് കിടക്കുന്ന ബൂത്തുകള്‍ ആയതിനാല്‍ ഊടുവഴികളിലുള്‍പ്പെടെ തെരഞ്ഞെടുപ്പ് ദിവസവും തലേന്നും പരിശോധന ശക്തമാക്കും. ഇതിനായി ഓഫീസര്‍മാരുള്‍പ്പെടെ കൂടുതല്‍ പൊലീസ് സംഘത്തെ ഉപയോഗിക്കുന്നുമുണ്ട്. ആയുധധാരികളായ പൊലീസുകാരും ഇവിടങ്ങളില്‍ ഉണ്ടാകും. കേന്ദ്രസേനയെ നിയമിക്കുന്നതിനെ കുറിച്ച് ആലോചനകള്‍ ഇല്ലെങ്കിലും ആവശ്യമാണെങ്കില്‍ ഉപയോഗപ്പെടുത്താമെന്നുള്ള നിര്‍ദേശമുയര്‍ന്നിട്ടുണ്ട്.
ജില്ലയില്‍ 84 പ്രശ്‌നബാധിത ബൂത്തൂകളാണുള്ളത്. ഇതില്‍ 78 എണ്ണം ഗ്രാമ പഞ്ചായത്തുകളിലും ആറെണ്ണം നഗരസഭകളിലുമാണ്. 43 ബൂത്തുകൾ എളുപ്പത്തില്‍ ആക്രമിക്കാന്‍ പാകത്തിലുളളവയാണ്. 5,46,543 വനിതാ വോട്ടര്‍മാരും 5,02,016 പുരുഷ വോട്ടർമാരുമടക്കം ജില്ലയില്‍ ആകെ 10,48,645 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 7 ട്രാന്‍സ്‌ജെന്‍ഡേര്‍സും ഉള്‍പ്പെടും.