കാസര്‍കോട്: കൃഷിയിടത്തിലെ അധ്വാനത്തിന് വിപണി കണ്ടെത്താനാവാതെ കാഞ്ഞങ്ങാട്ടെ കര്‍ഷക. രാവണീശ്വരത്തെ ബാലാമണിയാണ് പാകമായി വിളവെടുത്ത പത്ത് ക്വിന്‍റലിലധികം കുമ്പളം വിപണിയിലെത്തിക്കാനാകാതെ പ്രയാസപ്പെടുന്നത്. ഒന്നാം വിള നെല്‍കൃഷിക്ക് ശേഷമായിരുന്നു ബാലമാണിയുടെ പച്ചക്കറി കൃഷി. മുന്‍വര്‍ഷങ്ങളെപ്പോലെ വെള്ളരിയും പയറും വെണ്ടയും കുമ്പളവുമെല്ലാം വിത്തിട്ടു. ജൈവ രീതിയിലെ പരിപാലനത്തില്‍ എല്ലാം യഥേഷ്‌ടം വിളഞ്ഞു. മറ്റു കാര്‍ഷിക വിളകളെല്ലാം ലോക്ക് ഡൗണിന് മുമ്പേ വിളവെടുത്തതിനാല്‍ വിപണി കണ്ടെത്താന്‍ കഴിഞ്ഞിരുന്നു.
എന്നാല്‍ കുമ്പളം വിളഞ്ഞപ്പോള്‍ ചന്തകളിലേക്ക് എത്തിക്കാനുള്ള വഴികളെല്ലാം അടഞ്ഞു. വിളവെടുത്ത കുമ്പളമെല്ലാം ബാലാമണി തന്‍റെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചാണകവളം, മണ്ണിര കമ്പോസ്റ്റ്, ഗോമൂത്രവുമൊക്കെയാണ് ബാലമണി കൃഷിക്കായി ഉപയോഗിക്കുന്നത്. നാടന്‍ വിത്തിനങ്ങള്‍ മാത്രമുപയോഗിച്ചാണ് കൃഷി. ലോക്ക് ഡൗണ്‍ എല്ലാ പ്രതീക്ഷകളും കെടുത്തി. കൃഷി വകുപ്പ് ഇടപെട്ടെങ്കിലും തന്‍റെ പക്കലുള്ള കുമ്പളം സംഭരിക്കുമെന്ന വിശ്വാസത്തിലാണ് ഈ കര്‍ഷക.