കാസർകോട്: സിപിഎം നടത്തുന്നത് ഗൂഢാലോചനയുടെ ഭാഗമായുള്ള അക്രമമെന്ന് കെപിസിസി ഉപാധ്യക്ഷൻ വി.ടി ബൽറാം. പ്രതിഷേധങ്ങളെ കായികമായി നേരിടാനാണ് സിപിഎം ശ്രമിക്കുന്നത്. ഇതിനാണ് എ.കെ ബാലനും, സിപിഎം സംസ്ഥാന സെക്രട്ടറിയും ആഹ്വാനം ചെയ്‌തതെന്ന് ബൽറാം ആരോപിച്ചു.
തെരുവ് ഗുണ്ടകൾക്ക് അഴിഞ്ഞാടാൻ സർക്കാർ അവസരം ഒരുക്കുകയാണ്. ഇത് ഇപ്പോൾ അവസാനിപ്പിക്കുന്നതാണ് ശുഭകരമെന്നും പ്രതിഷേധം ശക്തമായി തന്നെ തുടരുമെന്നും വി.ടി ബൽറാം പറഞ്ഞു. ഇ.പി ജയരാജന്‍റെ സമനില തെറ്റിയിരിക്കുകയാണോ എന്ന് സംശയിക്കേണ്ടുന്ന തരത്തിലാണ് അദ്ദേഹത്തിന്‍റെ പെരുമാറ്റം എന്നും, വിമാനത്തിൽ വച്ചുണ്ടായ സംഭവത്തിൽ ഇ.പി ജയരാജനെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്നും ബൽറാം പറഞ്ഞു.
വലിയൊരു ക്രിമിനൽ സംഘമാണ് സിപിഎം എന്നും പിണറായി വിജയന്‍റെത് ഫാസിസ്റ്റ് നിലപാടാണെന്നും വി.ടി ബൽറാം കൂട്ടിച്ചേര്‍ത്തു.