കാസര്‍കോട്: വാശിയേറിയ തെരഞ്ഞെടുപ്പ് ആരവങ്ങൾക്കിടയിലും പൊള്ളുന്ന ചൂടിലും വിഷു വിപണി സജീവം. കണിവെള്ളരിയും കണിക്കലവും തുടങ്ങി നാട്ടിൻപുറങ്ങളിൽ ലഭ്യമായിരുന്ന കണിക്കൊന്ന അടക്കം കണിയൊരുക്കാൻ വേണ്ടതെല്ലാം വിപണിയിൽ സുലഭം. വിഷു വിപണിയിൽ തിരക്കേറി തുടങ്ങുമ്പോൾ ആളുകളെ ആകർഷിക്കുന്നത് ഓടക്കുഴലുമായി നിൽക്കുന്ന ശ്രീകൃഷ്ണ രൂപങ്ങളാണ് . വിവിധ വർണ്ണങ്ങളിലും വലുപ്പത്തിലും പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമ്മിച്ചവയാണ് വിഗ്രഹങ്ങൾ. 150 മുതൽ 250 രൂപ വരെയാണ് വില.
ഇതര സംസ്ഥാനങ്ങളിൽ നിർമ്മിച്ച വിവിധങ്ങളായ ശ്രീകൃഷ്ണ രൂപങ്ങൾക്ക് വിപണിയിൽ ആവശ്യക്കാര്‍ ഏറെയാണ്. നാടും നഗരവും വിഷുവിനെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ ഏറെ പ്രതീക്ഷകളോടെയാണ് കൃഷ്ണ വിഗ്രഹവുമായി കച്ചവടക്കാരും തെരുവുകളിൽ എത്തുന്നത്. വഴിയോര കച്ചവടങ്ങൾക്കൊപ്പം ഗ്രാമങ്ങളിൽ വീടുകൾ കേന്ദ്രീകരിച്ചും ഇവർ വിഗ്രഹങ്ങളുമായി എത്തുന്നു. പല വില്‍പ്പനക്കാരും കുടുംബസമേതമാണ് ഉത്സവകാല വിപണി കണ്ട് കേരളത്തിലേക്ക് എത്തുന്നത്.