കാസർകോട് : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം നിലച്ചെന്ന് ആരോപിച്ച് നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷി വിപിന്‍ ലാല്‍ കോടതിയെ സമീപിച്ചു. ഹൊസ്ദുര്‍ഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്.
കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടാത്തല ഭീഷണിപ്പെടുത്തിയെന്നായിരുന്നു കേസ്. എന്നാല്‍ അന്വേഷണം തുടങ്ങി ഒരു വർഷം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച് ഇതുവരെ കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ലെന്ന് വിപിൻ ലാൽ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിയായ വിപിൻ ലാൽ കാസർകോടാണ് സ്ഥിര താമസം. ജനുവരി 28ന് കോടതി ഹര്‍ജി പരിഗണിക്കും. കേസില്‍ ബേക്കല്‍ പൊലീസ് പ്രദീപിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു.
അതേസമയം ലോക്കല്‍ പൊലീസ് കൃത്യമായി അന്വേഷിച്ച കേസില്‍ ക്രൈംബാഞ്ച് ഒന്നും ചെയ്തിട്ടില്ലെന്ന് ഹര്‍ജിയില്‍ വിപിന്‍ ലാല്‍ പറഞ്ഞു. കോട്ടയം ക്രൈംബ്രാഞ്ച് യൂണിറ്റിനാണ് അന്വേഷണ ചുമതല.