കാസര്‍കോട്: നെല്ലിക്കുന്നിലെ ശില്‌പി ലക്ഷ്‌മീശയുടെ വീട്ടുമുറ്റത്ത് നിറയെ ഗണപതി വിഗ്രഹങ്ങളാണ്. എല്ലാം കളിമണ്ണില്‍ തീര്‍ത്തവ. കഴിഞ്ഞ 26 വര്‍ഷമായി കാസര്‍കോട്ടെയും സമീപ പ്രദേശങ്ങളിലെയും ഗണേശോത്സവത്തിന് നിമജ്ജനം ചെയ്യുന്നത് ലക്ഷ്മീശയുടെ കരവിരുതില്‍ തീര്‍ത്ത ഗണപതി വിഗ്രഹങ്ങളാണ്. അച്ചുകളൊന്നും ഉപയോഗിക്കാതെ തന്റെ മനസില്‍ പതിഞ്ഞ ഗണപതി രൂപമാണ് ലക്ഷ്മീശ കളിമണ്ണില്‍ നിര്‍മിച്ചെടുക്കുന്നത്. ഒന്നരയടി മുതല്‍ ആറരയടി വരെ വലിപ്പമുള്ള വിഗ്രഹങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.
വിനായക ചതുര്‍ഥി ആഘോഷത്തില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹങ്ങളുടെ നിര്‍മാണം ലക്ഷ്‌മീശക്ക് തപസ്യയാണ്. 26 വര്‍ഷം മുമ്പ് ഒരു ഗണപതി വിഗ്രഹം നിര്‍മിച്ചു കൊണ്ടായിരുന്നു വിഗ്രഹ നിര്‍മാണത്തിലേക്കുള്ള ചുവടുവെച്ചത്. ഇത്തവണ ചെറുതും വലുതുമായ 26 വിഗ്രഹങ്ങള്‍ ഇതിനോടകം നിര്‍മിച്ചു കഴിഞ്ഞു. ഒരു മാസം മുമ്പാണ് കര്‍ണാടക കല്ലടുക്കയിലെ ടൈല്‍ ഫാക്ടറിയില്‍ നിന്നും കളിമണ്ണ് കൊണ്ടു വന്ന് വിഗ്രഹ നിര്‍മ്മാണം തുടങ്ങിയത്. സഹോദരങ്ങളും ബന്ധുക്കളും ലക്ഷ്‌മീശക്കൊപ്പം വിഗ്രഹ നിര്‍മാണത്തില്‍ സഹായികളായുണ്ട്.