കാസർകോട്: ഇതര സംസ്ഥാന വാഹനങ്ങൾ കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇനി മുതൽ നികുതി ഈടാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. മലയാളികളിൽ ചിലർ നികുതി കുറവുള്ള സംസ്ഥാനങ്ങളിൽ വാഹനം രജിസ്റ്റർ ചെയ്‌ത് കേരളത്തിൽ ഓടിക്കുന്നുണ്ട്. അത്തരം വാഹനങ്ങൾ പിടിച്ചെടുത്ത് നികുതി ചുമത്തുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ടൂറിസ്റ്റ് ബസുകൾ കളർ കോഡ് പാലിച്ചില്ലെങ്കിൽ നിരത്തിൽ ഇറങ്ങാൻ അനുവദിക്കില്ല. ടൂറിസ്റ്റ് ബസുകളുടെ കളർ കോഡ് നടപടിയുമായി സർക്കാർ മുന്നോട്ടുപോകും. ഫിറ്റ്‌നസ് സമയത്തിനകം കളർ കോഡ് നടപ്പിലാക്കാനാണ് സർക്കാർ തീരുമാനിച്ചത്. എന്നാൽ ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് നടപടി അതിവേഗത്തിലാക്കിയതെന്നും ബസ് ഉടമകൾക്ക് കോടതിയെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു.
ലഹരി ഉപയോഗിച്ചും അമിതമായും അശ്രദ്ധയിലും വാഹനങ്ങൾ ഓടിച്ച് അപകടം വരുത്തുന്ന ഡ്രൈവർമാരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും. ആറുമാസത്തിനകം ലൈസൻസ് പുതുക്കി നൽകുന്ന പതിവ് തുടരില്ല. ഇതിന് നിബന്ധന കർശനമാക്കി. എടപ്പാൾ മോട്ടോർ വാഹന വകുപ്പിന്‍റെ പരിശീലന കേന്ദ്രത്തിൽ മൂന്ന് ദിവസം പരിശീലനം നേടണം.
മൂന്നു ദിവസം അപകട ചികിത്സ നടത്തുന്ന ടോമാ കെയർ സംവിധാനമുള്ള ആശുപത്രികളിൽ സാമൂഹിക പ്രവർത്തനം നടത്തണം. ഇങ്ങനെ മനോഭാവത്തിൽ മാറ്റം വരുത്തുകയും പരിശീലനം നേടുകയും ചെയ്‌ത ശേഷം മാത്രമേ ലൈസൻസ് പുനസ്ഥാപിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്‌തമാക്കി.