കാസർകോട്: രണ്ടാം വന്ദേഭാരത് റൂട്ട് പ്രഖ്യാപനത്തിന് മുന്നോടിയായി ഇന്‍റഗ്രൽ കോച്ച് ഫാക്‌ടറി (ഐസിഎഫ്) ജനറൽ മാനേജർ ബി ജി മല്യ കേരളത്തിലെത്തി. കാസർകോട് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച ബി ജി മല്യ കോച്ചുകളുടെ നിലവിലെ പ്രവർത്തനം വിലയിരുത്തി. കേരളത്തിനായുള്ള രണ്ടാം വന്ദേഭാരതിന്‍റെ റൂട്ട് സംബന്ധിച്ച് അന്തിമ പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും അനുബന്ധ സജ്ജീകരണങ്ങൾ ഒരുക്കുന്നതിന്‍റെ ഭാഗമായാണ് ഐസിഎഫ് ജനറൽ മാനേജറുടെ കേരളത്തിലെ സന്ദർശനം.
ഒന്നാം വന്ദേഭാരതിലെ സൗകര്യങ്ങളെ കുറിച്ച് ബി ജി മല്യ യാത്രക്കാരോട് ചോദിച്ചറിഞ്ഞു. യാത്രക്കാരിൽ നിന്നും വളരെ മികച്ച അഭിപ്രായമാണ് ലഭിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വന്ദേ ഭാരതിൽ കയറി സൗകര്യങ്ങളും അദ്ദേഹം വിലയിരുത്തി. ജീവനക്കാർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയാണ് ഐസിഎഫ് ജനറൽ മാനേജർ ബി ജി മല്യ മടങ്ങിയത്.
അതേസമയം മംഗളൂരുവിൽ ദക്ഷിണ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമായി നാളെ ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. രണ്ടാം വന്ദേഭാരതുമായി ബന്ധപ്പെട്ട നിർണായക തീരുമാനം നാളെ ഉണ്ടായേക്കും. വന്ദേഭാരതിന്‍റെ അറ്റകുറ്റപണികൾക്കായി മംഗളൂരു റെയിൽവേ സ്റ്റേഷനിൽ സജ്ജീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്.
വൈദ്യുതികരിച്ച പിറ്റ് ലൈൻ അടക്കമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ചെന്നൈയിൽ നിന്നുള്ള സാങ്കേതിക വിദഗ്‌ധർ ഇത് പരിശോധിക്കും. എന്‍ജിനിയര്‍മാർ ഉള്‍പ്പടെയുള്ള സാങ്കേതിക വിദഗ്‌ധര്‍ക്ക് പരിശീലനവും നല്‍കിയിരുന്നു. റൂട്ട് സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
അടുത്ത ദിവസം തന്നെ പുതിയ വന്ദേഭാരത് ട്രെയിൻ ചെന്നൈയിൽ നിന്നും മംഗളൂരുവിൽ എത്തിക്കും. മംഗളൂരു - തിരുവനന്തപുരം, മംഗളൂരു - കോട്ടയം, മംഗളൂരു - എറണാകുളം, മംഗളൂരു - കോയമ്പത്തൂർ എന്നീ റൂട്ടുകളാണ് പരിഗണനയിൽ ഉള്ളത്. കാവി നിറത്തിനൊപ്പം ഡിസൈനിലും മാറ്റം വരുത്തിയ എട്ട് കോച്ചുകളടങ്ങിയ റേക്ക് ആണ് കേരളത്തിൽ എത്തുക.
അതേസമയം മംഗളൂരു സെന്‍ട്രല്‍ റെയിവേ സ്റ്റേഷനിലെ മൂന്നാം പിറ്റ് ലൈനാണ് വന്ദേഭാരതിന്‍റെ അറ്റകുറ്റപണികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. സാധാരണ വണ്ടികളുടെ അറ്റകുറ്റപ്പണി നടത്തുന്ന പിറ്റ് ലൈന്‍ വൈദ്യുതീകരിക്കാറില്ല. വൈദ്യുതീകരിച്ച പിറ്റ് ലൈനാണ് വന്ദേഭാരതിനായി ഇവിടെ ഒരുക്കിയിരിക്കുന്നത്.
'വന്ദേഭാരതിന് തിരൂരും തിരുവല്ലയിലും സ്‌റ്റോപ്പ് അനുവദിക്കണം' : വന്ദേഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്‌ണവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ കത്തയച്ചിരുന്നു. കേരളത്തിന്‍റെ വടക്കും മധ്യഭാഗത്തും സ്ഥിതി ചെയ്യുന്ന ഈ സ്‌റ്റേഷനുകളുടെ പ്രാധാന്യവും പ്രസക്തിയും സൂചിപ്പിച്ച് കൊണ്ടായിരുന്നു കത്ത്.
നിരവധി പേരാണ് തിരുവല്ല, തിരൂര്‍ സ്‌റ്റേഷനുകളില്‍ നിന്ന് നിത്യവും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. അതിനാല്‍ റെയില്‍വേയ്‌ക്ക് വരുമാനം കൂടാന്‍ ഇടയാക്കുന്ന ഈ രണ്ട് സ്‌റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടത്.