കാസര്‍കോട്: കൃഷിയിടത്തില്‍ വൈവിധ്യങ്ങള്‍ തേടി ഒരു കര്‍ഷകന്‍. കാസര്‍കോട് പനങ്ങാട് ചെര്‍ക്കരപാടിയിലെ എന്‍ വി ഉണ്ണികൃഷ്ണന്‍ പുല്‍കൃഷിയിൽ വിജയഗാഥ രചിക്കുകയാണ്. വീടിന് സമീപം ചെറിയ രീതിയില്‍ ആരംഭിച്ച പുല്‍കൃഷിയാണ് ഇപ്പോള്‍ ഒന്നര ഏക്കറില്‍ ഉണ്ണികൃഷ്ണന്‍ വ്യാപിപ്പിച്ചത്. ക്ഷീര വികസന വകുപ്പ് വിതരണം ചെയ്‌ത പുല്ല് നടുകയും മണ്ണിന് യോജിച്ച കൃഷിയാണെന്ന തിരിച്ചറിവോടെ പുല്‍കൃഷി വിപുലമാക്കുകയുമാണ് ഉണ്ണികൃഷ്ണന്‍ ചെയ്‌തത്.
പച്ചക്കറികള്‍, നെല്ല്, പഴവര്‍ഗങ്ങള്‍. ഇങ്ങനെയാണ് നാം കണ്ടുപോരുന്ന കൃഷിയിടങ്ങള്‍. എന്നും നഷ്ടങ്ങളെ ഓര്‍ത്ത് കര്‍ഷകര്‍ ആകുലപ്പെടുന്നതും നിത്യകാഴ്ചയാണ്. എന്നാല്‍ ഇവയ്ക്കപ്പുറമുള്ള കാര്‍ഷിക സാധ്യതകളെ തേടുകയും തുറന്നുകാട്ടുകയുമാണ് ഉണ്ണികൃഷ്ണന്‍. മൂന്ന് വര്‍ഷത്തേക്ക് ആവശ്യമുള്ള പുല്ല് ഒറ്റതവണ കൃഷി ഇറക്കിയാൽ ലഭിക്കും. തുലാമാസത്തിന് ശേഷം വെള്ളം ആവശ്യത്തിന് നനക്കണം. ചാണകവളമാണ് പ്രധാനം. നിത്യപരിചരണം ആവശ്യമില്ലെങ്കിലും എല്ലായ്പ്പോഴും കൃഷിയിടത്തില്‍ ശ്രദ്ധ വേണമെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. പുല്‍കൃഷിയോടൊപ്പം പശുവളര്‍ത്തലും, അടക്ക, വാഴ കൃഷിയിലും സജീവമാണ് ഉണ്ണികൃഷ്ണന്‍.