കാസർകോട് : ലോക്‌സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ സംസ്ഥാനത്ത് ദേശീയപാത വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ. ഭാരത് പരിയോജന (Bharat Pariyojana) പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് നിര്‍മാണം ആരംഭിക്കുന്നതും പൂര്‍ത്തീകരിക്കുന്നതുമായ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‌കരി നിര്‍വഹിക്കും (Nitin Gadkari NH Projects). നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കാസര്‍കോട് താളിപ്പടപ്പ് മൈതാനത്ത് ഇന്ന് വൈകിട്ട് 3.30നാണ് പരിപാടി.
12 ദേശീയപാത പദ്ധതികളുടെ തറക്കല്ലിടൽ കർമ്മവും ഉദ്ഘാടനവുമാണ് കേന്ദ്രമന്ത്രി നിർവഹിക്കുന്നത്. 1,464 കോടി രൂപയുടേതാണ് പദ്ധതി. മൂന്നാറില്‍ നടക്കുന്ന പരിപാടിയും വീഡിയോ കോണ്‍ഫറന്‍സിലൂടെ കാസര്‍കോട് നിന്ന് ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രിമാരായ ഡോ.വി കെ സിംഗ്, വി മുരളീധരന്‍, കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, എംപി, എംഎല്‍എമാര്‍ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ബിജെപി പ്രധാനമായും ലക്ഷ്യമിടുന്ന തൃശൂരിൽ 209.17 കോടിയുടെ അടിപ്പാത നിർമാണങ്ങളാണ് നടക്കുക. ആലത്തൂരിൽ മാത്രം 117.77 കോടി രൂപയുടെ പദ്ധതികളാണ് നടക്കുന്നത്. തൃശൂർ ചാലക്കുടിയിൽ 149.45 കോടിയുടെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക. പാലക്കാട് 49.40 കോടി രൂപയുടേതടക്കം 525.79 കോടിയുടെ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രി തുടക്കം കുറിക്കും.
തൃശൂർ പാർലമെൻ്റ് മണ്ഡലത്തിലെ മുടിക്കോട്, കല്ലിടുക്ക്, വാണിയബാറ, ആമ്പല്ലൂർ അടിപ്പാതകള്‍, ആലത്തൂർ മണ്ഡലത്തിലെ ആലത്തൂർ, കുഴൽമന്ദം അടിപ്പാതകള്‍ ചാലക്കുടി മണ്ഡലത്തിലെ ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ, പേരാമ്പ്ര അടിപ്പാതകള്‍, പാലക്കാട് മണ്ഡലത്തിലെ കാഴിച്ചപ്പറമ്പ് അടിപ്പാത എന്നിവയുടെ പ്രവർത്തന ഉദ്ഘാടനമാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി നിർവഹിക്കുന്നത്. സേലം-കൊച്ചി ദേശീയപാത 544-ൽ പാലക്കാടിനും ചാലക്കുടിക്കും ഇടയിൽ 11 അടിപ്പാതകളാണ് (വി.യു.പി.) ദേശീയപാത അതോറിറ്റി നിർമ്മിക്കുന്നത്.
'തൃശൂരിലെ മോദി ഗ്യാരന്‍റി': തൃശൂരിലും ചാലക്കുടിയിലും മാത്രമായി 358 കോടി രൂപയുടെ പദ്ധതികൾക്കാണ് ഇന്ന് കേന്ദ്രമന്ത്രി തുടക്കം കുറിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ കഴിഞ്ഞ ദിവസം തൃശൂരിൽ ബിജെപി സംഘടിപ്പിച്ച വനിത സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മോദിക്ക് വലിയ ജനപിന്തുണയും ലഭിച്ചിരുന്നു. കേരളത്തിന്‍റെ വികസനം എന്‍ഡിഎയിലൂടെ മാത്രമേ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
പ്രസംഗത്തിൽ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ അദ്ദേഹം പലയാവർത്തി മോദി ഗ്യാരന്‍റി എന്ന് എടുത്തുപറയുകയും ചെയ്‌തിരുന്നു. പ്രസംഗത്തിൽ മോദി കോൺഗ്രസിനെയും ഇടതുപക്ഷത്തെയും രൂക്ഷമായി വിമർശിക്കുകയും ചെയ്‌തിരുന്നു. സ്വർണക്കടത്തും ശബരിമലയുമടക്കം എടുത്ത് പറഞ്ഞാണ് പ്രധാനമന്ത്രി ഇടതുപക്ഷത്തെ വിമർശിച്ചത്.
കേരളത്തിലെ കോണ്‍ഗ്രസ്-സിപിഎം പാര്‍ട്ടികള്‍ പേരില്‍ മാത്രമാണ് രണ്ടായി നില്‍ക്കുന്നത്. അഴിമതിയും അക്രമവും കുടുംബവാഴ്ചയും ഇരു പാർട്ടികളും ഒരുമിച്ചാണ് നടത്തുന്നത്. ഇപ്പോള്‍ ഇവര്‍ ഒരു മുന്നണി ഉണ്ടാക്കിക്കൊണ്ട് അവരുടെ ആശയങ്ങള്‍ രണ്ടല്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.