കാസർകോട് : സ്കൂളുകളെല്ലാം പ്രവേശനോത്സവത്തിന്‍റെ ആഘോഷത്തിലാണ്. എന്നാൽ കാഞ്ഞങ്ങാട് കള്ളാർ അടോട്ടുകയ ഗവ. വെൽഫെയർ എൽപി സ്കൂളിൽ വലിയ ആഘോഷങ്ങളില്ല. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയുടെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിൽ നിന്ന് സഹപ്രവർത്തകരും വിദ്യാർഥികളും രക്ഷിതാക്കളും ഇതുവരെ മുക്തരായിട്ടില്ല.
കഴിഞ്ഞ ദിവസമാണ് കുട്ടികൾക്കായുള്ള ഓൺലൈൻ ക്ലാസിനുപിന്നാലെ ഈ സ്കൂളിലെ അധ്യാപികയായ മാധവി കുഴഞ്ഞുവീണ് മരിച്ചത്. ടീച്ചറോടുള്ള ആദരസൂചകമായി അനുശോചനയോഗം ചേർന്നുപ്രാർഥിച്ചാണ് അധ്യയന വർഷം ആരംഭിച്ചത്.
അനുശോചന യോഗത്തിനിടെ അധ്യാപരും വിദ്യാർഥികളും വിതുമ്പുന്നുണ്ടായിരുന്നു. സ്കൂൾ തുറക്കുമ്പോൾ കുട്ടികളെ സ്വീകരിക്കുന്നത് ആഘോഷമാക്കണമെന്ന് മാധവി ടീച്ചർ പറഞ്ഞിരുന്നു. കുട്ടികളെ സ്വീകരിക്കാൻ വർണക്കടലാസ് കൊണ്ട് ബൊക്കയുണ്ടാക്കണമെന്ന് പ്രധാന അധ്യാപകനോട് പറഞ്ഞതും ടീച്ചർ ആയിരുന്നു.
മാധവി ടീച്ചറുടെ മനസുള്ള വർണബൊക്ക കുട്ടികളുടെ കയ്യിൽ എത്തിയെങ്കിലും ടീച്ചർ മാത്രം വന്നില്ല. ടീച്ചറുടെ നഷ്ടം നികത്താൻ പറ്റാത്തതാണെന്ന് പ്രധാന അധ്യാപകൻ കൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് മാധവി ടീച്ചര്‍ മരണത്തിന് കീഴടങ്ങിയത്. വിദ്യാർഥികളെ കാണാൻ വീഡിയോ ഓൺ ചെയ്യാൻ ആവശ്യപ്പെട്ട അധ്യാപിക ക്ലാസിന് ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
രാത്രി 7.30 ന് മൂന്നാം ക്ലാസിലെ വിദ്യാർഥികൾക്ക് കണക്ക് വിഷയത്തിലായിരുന്നു ക്ലാസ്. എല്ലാവരെയും എനിക്ക് കാണണം...എല്ലാവരും നന്നായി പഠിക്കണം.. എന്നിങ്ങനെ പറഞ്ഞായിരുന്നു മാധവി ടീച്ചർ ക്ലാസ് അവസാനിപ്പിച്ചത്.
പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. സ്കൂൾ തുറന്ന് കുട്ടികളെ നേരിട്ട് കാണാമെന്ന മോഹം ബാക്കിവച്ചാണ് മാധവി ടീച്ചർ എന്നന്നേക്കുമായി മടങ്ങിയത്.