കാസര്‍കോട്: റെയില്‍വേ സ്‌റ്റേഷന് സമീപം സിഗ്‌നല്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് കാസര്‍കോട് വഴിയുള്ള ട്രെയിനുകൾ വൈകി ഓടുന്നു. സിഗ്‌നല്‍ തകരാറുമൂലം കണ്ണൂര്‍-മംഗളൂരു മെമു അരമണിക്കൂറോളം സ്‌റ്റേഷനു സമീപം നിര്‍ത്തിയിട്ടു. പിന്നീട് സിഗ്നൽ തകരാർ പരിഹരിച്ചാണ് ട്രെയിന്‍ യാത്ര തുടർന്നത്. മെമു കടന്നുപോകാനുള്ള സിഗ്‌നല്‍ തെളിഞ്ഞ ശേഷം ട്രെയിന്‍ സിഗ്‌നലിലെത്തുമ്പോള്‍ ചുവപ്പ് തെളിഞ്ഞതാണു തകരാര്‍.
മെമു സിഗ്‌നല്‍ കടന്നതിനാല്‍ സ്റ്റേഷനില്‍ നിന്നു മെമ്മോ ലോക്കോ പൈലറ്റിന് എത്തിച്ച ശേഷമാണു ട്രെയിന്‍ സ്റ്റേഷനിലേക്ക് എടുത്തത്. യാത്രക്കാർ സ്റ്റേഷനിലേക്ക് നടന്നുപോകേണ്ടിവന്നു. ഇതോടെ പിന്നാലെയെത്തേണ്ട തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസും 20 മിനിറ്റോളവും വൈകി. മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ് ഒരു മണിക്കൂറും വൈകി. കോട്ടികുളത്താണ് ട്രെയിൻ പിടിച്ചിട്ടത്. പിന്നാലെ ഉള്ള വരാവൽ എക്‌സ്‌പ്രസും വൈകിയാണ് ഓടുന്നത്.