കാസര്‍കോട്: തുളു ഭാഷ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. കാസര്‍കോട് നടക്കുന്ന തുളു അക്കാദമി ദേശീയ സെമിനാറിലാണ് ഭാഷക്ക് അംഗീകാരം ലഭ്യമാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എം.പി നിലപാടറിയിച്ചത്. 20 ലക്ഷം ആളുകള്‍ സംസാരിക്കുന്ന തുളു ഭാഷയ്ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ലെന്ന പരാതികള്‍ക്കിടെയാണ് കേരള തുളു അക്കാദമി ദേശീയ സെമിനാര്‍ നടത്തിയത്. പ്രചാരം കുറവുള്ള ഭാഷകള്‍ വരെ അംഗീകരിക്കപ്പെടുമ്പോള്‍ തുളുഭാഷയെ അകറ്റി നിര്‍ത്തരുതെന്നാണ് തുളു സംസ്‌കാരത്തിന്‍റെ ഭാഗമായവരുടെ ആവശ്യം. തുളുഭാഷയെ എട്ടാം ഷെഡ്യൂളില്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും പാര്ലമെന്റില് വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. തുളു ഭാഷയെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാല്‍ ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും അര്‍ഹമായ പരിഗണന തുളു ഭാഷയ്ക്ക് ലഭിക്കും. ഇതിലൂടെ തുളുഭാഷയിലുള്ള ഗ്രന്ഥങ്ങളും സാഹിത്യകൃതികളും മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
തുളു അക്കാദമി ത്രൈമാസിക 'തെമ്പരെ' പുസ്തകം ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു പ്രകാശനം ചെയ്തു. സെമിനാറില്‍ 'കാസര്‍കോട്ടെ തുളുവിന്റെ സ്വാധീനം' എന്ന വിഷയത്തില്‍ സമഗ്ര ശിക്ഷ പ്രോഗ്രാം ഓഫീസര്‍ നാരായണ ദേലംപാടിയും 'കാസര്‍കോട് തുളു സാഹിത്യം' എന്ന വിഷയത്തില്‍ തുളു സാഹിത്യകാരന്‍ കിഷോര്‍ കുമാര്‍ റൈ ഷേണിയും വിഷയമവതരിപ്പിച്ചു. തുളു സംസ്‌കാരത്തിന്റെ പ്രതീകമായ ആട്ടിഗളിഞ്ചയടക്കമുള്ള കലാരൂപങ്ങളും സെമിനാറില്‍ അവതരിപ്പിച്ചു.