കാസര്‍കോട്: കൊച്ചി മംഗലാപുരം ഗെയിൽ പൈപ്പ് ലൈൻ പദ്ധതി അന്തിമഘട്ടത്തിലേക്ക്. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ചന്ദ്രഗിരി പുഴയുടെ അടിതട്ടിലൂടെയുള്ള ഒന്നരകിലോമീറ്റർ ഭൂഗർഭ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നത് പൂർത്തിയാകുന്നതോടെ പ്രകൃതി വാതക പൈപ്പ്ലൈൻ പദ്ധതി യാഥാർഥ്യമാകും. രണ്ടര വർഷം മുമ്പാരംഭിച്ച പദ്ധതിയാണ് അവസാനഘട്ട പ്രവർത്തിയിലേക്ക് എത്തിയത്. പയസ്വിനി പുഴയുടെ അടിതട്ടിലൂടെ ഭൂഗർഭ പൈപ്പ്ലൈൻ സ്ഥാപിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് പുരോഗമിക്കുന്നത്. കൊവിഡും കനത്ത മഴയും വില്ലനാകുന്നുണ്ടെങ്കിലും പൈപ്പ് സ്ഥാപിക്കൽ പുരോഗമിക്കുകയാണ്.
കുന്നുകൾക്കിടയിലൂടെ തുരങ്കങ്ങൾ നിർമിച്ച് പൈപ്പ്ലൈൻ പാകാനുള്ള പ്രവർത്തിക്കിടെ പാതിവഴിയിൽ രണ്ട് കരാറുകാർ പിന്മാറിയിരുന്നു. ഒടുവിൽ ചെന്നൈയിലെ എൻആർ പട്ടേൽ കമ്പനിയുടെ നേതൃത്വത്തിലാണ് പദ്ധതി മുന്നോട്ട് പോയത്. കാസര്‍കോട് തെക്കിലിൽ ഹോറിസോണ്ടൽ ഡയരക്ഷൻ ഡ്രില്ലിങ് സംവിധാനം ഉപയോഗിച്ചാണ് പുഴയുടെ അടിത്തട്ടിൽ പൈപ്പ്ലൈൻ സ്ഥാപിക്കുന്നത്. സമതലമുള്ള പുഴയുടെ മറ്റ് ഭാഗങ്ങളിൽ ഏഴ് മുതൽ 12 മീറ്റർ വരെ ആഴത്തിൽ പൈപ്പ്ലൈൻ കടന്നുപോകുമ്പോൾ ചന്ദ്രഗിരിയിൽ അത് 30 മീറ്ററാണ്. ചട്ടഞ്ചാലിനടുത്തുള്ള തൈര മാണിയടുക്കവും മറുഭാഗത്ത് ബേവിഞ്ചയും ചേർന്ന ഭാഗത്ത് 350 അടി ഉയരമുള്ള കുന്നുകൾ പുഴയുടെ ഇരുവശങ്ങളിലും സ്ഥിതി ചെയ്യുന്നുണ്ട്.
പ്രദേശത്തെ ഈ ഭൂപ്രകൃതിയാണ് പദ്ധതിയെ ദുഷ്കരമായി ബാധിച്ചത്. നിലവിൽ ചില സാങ്കേതിക കാരണങ്ങളാൽ താൽകാലികമായി നിർമാണപ്രവൃത്തികൾ നിർത്തിവെച്ചെങ്കിലും എത്രയും വേഗം പദ്ധതി കമ്മിഷൻ ചെയ്യാനുള്ള ശ്രമത്തിലാണ് ഗെയിൽ അധികൃതർ. കൂറ്റനാട് മുതൽ മംഗളൂരു വരെയുള്ള 380 കിലോമീറ്റർ പൈപ്പ്ലൈനിൽ ചന്ദ്രഗിരി പുഴ ഒഴിച്ചുള്ള ഭാഗം ജനുവരിയിൽ പൂർത്തിയായിരുന്നു. കാസര്‍കോട് ജില്ലയിൽ 83 കിലോമീറ്റർ ദൂരത്തിൽ പൈപ്പ്ലൈൻ കടന്നുപോകുന്നുണ്ട്.