കാസർകോട്: മൂന്നാം ഘട്ടത്തിൽ സമ്പർക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം കുറക്കാനായത് പ്രതിരോധപ്രവർത്തനങ്ങളുടെ മികവാണെന്ന് വിലയിരുത്തൽ. ജില്ലാതല അവലോകന യോഗത്തിലാണ് സ്വീകരിക്കുന്ന നടപടികൾ ഫലം കാണുന്നതായി ജനപ്രതിനിധികൾ അഭിപ്രായപ്പെട്ടത്. രണ്ടാം ഘട്ടത്തിൽ ഏറെ ആശങ്കപ്പെട്ടത് സമ്പർക്ക രോഗ പകർച്ചയാണെങ്കിൽ മൂന്നാം ഘട്ടത്തിൽ സമ്പർക്ക രോഗവ്യാപനം കുറഞ്ഞത് ജനങ്ങളുടെ സഹകരണവും ജാഗ്രതയും കൊണ്ടാണ്. കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ രോഗം സ്ഥിരീകരിച്ചവരുടെ വീടും, നൂറു മീറ്റര്‍ ചുറ്റളവിലെ പ്രദേശവും ഉള്‍പ്പെടുന്ന മൈക്രോ കണ്ടയ്‌ൻമെന്‍റ് സോണായി പുനര്‍ നിര്‍ണയിച്ചിട്ടുണ്ടെന്നും ജില്ലയില്‍ 20 പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും കൂടി ഇതുവരെ 49 കണ്ടയന്‍മെന്‍റ് സോണുള്ളതായും യോഗത്തിന് ശേഷം മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. കൊവിഡ് നിയന്ത്രണത്തില്‍ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും പുലര്‍ത്തുന്ന ജാഗ്രത തുടരണമെന്നും മന്ത്രി അഭ്യർഥിച്ചു.
കൊവിഡ് പ്രതിരോധ അവലോകനത്തിന് എല്ലാ വെള്ളിയാഴ്ചയും രാവിലെ പത്തു മണിക്ക് ജനപ്രതിനിധികളുടെ യോഗം ചേരുന്നതിനും തീരുമാനിച്ചു. രണ്ടാഴ്ചയിലൊരിക്കല്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം നടത്തും. കൊവിഡ് രൂക്ഷമായ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് വീടുകളില്‍ റൂം ക്വാറന്‍റൈനും ആവശ്യമെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനും ഉറപ്പാക്കും. പ്രവാസികളായ കേരളീയര്‍ മടങ്ങി വരുമ്പോള്‍ അവര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കുകയും അവരിലൂടെ മറ്റൊരാളിലേക്ക് രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണമെന്നും അവലോകന യോഗം നിർദേശിച്ചു.