കാസര്‍കോട്: മെഡിക്കല്‍ കോളജ് അക്കാദമിക് കെട്ടിട നിര്‍മാണം പൂര്‍ത്തിയായി. 30 കോടി രൂപ ചെലവിലാണ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത്. മെഡിക്കല്‍ കോളജിനായി 37 കോടി രൂപ കൂടി അനുവദിക്കാനും സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റി തീരുമാനിച്ചു. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ക്ലാസ് മുറികള്‍, ലാബ്, പ്രിന്സിപ്പലിന്റെയും അധ്യാപകരുടെയും മുറികള്‍, മ്യൂസിയം, മോര്‍ച്ചറി തുടങ്ങിയ സൗകര്യങ്ങള്‍ ഉള്ളതാണ് അക്കാദമിക് ബ്ലോക്ക്. നബാര്‍ഡ് സഹായത്തോടെയുളള ആശുപത്രി കെട്ടിടത്തിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. ആശുപത്രിയുടെ ചുറ്റുമതില്‍ നിര്‍മ്മാണം ഭൂവികസന പ്രവൃത്തികള്‍ എന്നിവയും നടന്നു വരുന്നുണ്ട്.
ബദിയടുക്ക പഞ്ചായത്തിലെ ഉക്കിനടുക്കയിലാണ് മെഡിക്കല്‍ കോളജ് വരുന്നത്. തറക്കല്ലിടല്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാകില്ലെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ കുപ്രചരണങ്ങളെ അസ്ഥാനത്താക്കിയാണ് അക്കാദമിക് കെട്ടിടം വേഗത്തില്‍ പൂര്‍ത്തിയായത്. മെഡിക്കല്‍ കോളജില്‍ ആദ്യം ഒ.പിയും തുടര്‍ന്ന് ഐ പി സംവിധാനവുമാണ് സജ്ജമാവുക. ഇതോടൊപ്പം അത്യാവശ്യ ശസ്ത്രക്രിയക്കുള്ള സംവിധാനങ്ങളും ഇവിടെ ഒരുങ്ങും. ഫെബ്രുവരി എട്ടിന് മെഡിക്കല്‍ കോളജ് ഓഫീസും ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും.