കാസര്‍കോട്: ജലസംരക്ഷണം ലക്ഷ്യമിട്ട് നീര്‍ച്ചാലുകളില്‍ തടയണകള്‍ നിര്‍മ്മിച്ച് പ്രാദേശിക ഭരണകൂടങ്ങള്‍. ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ നടന്ന തടയണോത്സവം ബഹുജന പങ്കാളിത്തം കൊണ്ട് ജനകീയോത്സവമായി മാറി. ഹരിത കേരള മിഷന്‍റെ നാലാം വാര്‍ഷികത്തിന്‍റെ ഭാഗമായാണ് ബേഡഡുക്കയിലെ തടയണോത്സവം നടത്തിയത്. മംഗലം കളിപ്പാട്ടിന്‍റെ പശ്ചാത്തലത്തില്‍ നാടിന്‍റെ ഉത്സവമെന്നോണമാണ് ബേഡകത്തുകാര്‍ തടയണോത്സവത്തിനെത്തിയത്. പരിപാടിക്കെത്തിയ ജില്ലാ കലക്‌ടര്‍ ഡോ ഡി സജിത് ബാബുവടക്കം തടയണ തീര്‍ക്കാന്‍ മുന്നിട്ടിറങ്ങിയത് നാട്ടുകാരിലും ആവേശമായി.
ജനപ്രതിനിധികളും യുവജനങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും ഒത്തു ചേര്‍ന്നാണ് ജയപുരത്തെ തോട്ടില്‍ തടയണ തീര്‍ത്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന പരിപാടി കലക്‌ടര്‍ ഡോ ഡി സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. ബേഡകം പഞ്ചായത്ത് പ്രസിഡന്‍റ് ധന്യയുടെയും ഹരിത കേരള മിഷന്‍ കോഡിനേറ്റര്‍ സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. എല്ലാ നീര്‍ച്ചാലുകളിലും തടയണകള്‍ നിര്‍മ്മിച്ച് ജലസംരക്ഷണം ലക്ഷ്യമിട്ടാണ് തടയണോത്സവം സംഘടിപ്പിക്കുന്നത്. ജനുവരി 9 വരെ തടയണകള്‍ നിര്‍മിക്കും. മൂന്നു വര്‍ഷം കൊണ്ട് 6500 തടയണകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ത്രിതല പഞ്ചായത്ത് ,തൊഴിലുറപ്പ് പദ്ധതി, കാസറഗോഡ് വികസന പാക്കേജ് എന്നീ വകുപ്പ് തല ഫണ്ടുകള്‍ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.