കാസർകോട് : കേസ് പിൻവലിക്കാൻ മൊബൈൽ ടവറിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. അതിക്രമിച്ചുകയറൽ, ആത്മഹത്യാശ്രമം, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പാലക്കുന്ന് സ്വദേശിയായ ഷൈജുവിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തത്.
ഷൈജുവിനെതിരെ ബേക്കൽ സ്റ്റേഷൻ പരിധിയിൽ മാത്രം എടിഎം കവർച്ച, മോഷണം, അടിപിടി ഉൾപ്പടെ ഒമ്പത് കേസുകളാണ് നിലവിലുള്ളത്. ഇതിൽ പലതും കള്ളക്കേസായിരുന്നു എന്നാണ് ഷൈജുവിന്‍റെ ആരോപണം. ഇതിന് പുറമെയാണ് ചൊവ്വാഴ്ച നടന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തത്.
മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസും, നാട്ടുകാരും ചേർന്ന് അനുനയിപ്പിച്ച് ഷൈജുവിനെ മൊബൈൽ ടവറിൽ നിന്നും താഴെയിറക്കിയത്. എന്നാൽ ഇയാൾക്കെതിരെ നിലവിലുള്ള കേസുകൾ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നാണ് പൊലീസിന്‍റെ വിശദീകരണം. പുതിയ കേസിൽ കസ്റ്റഡിയിലെടുത്ത ഷൈജുവിനെ ജാമ്യത്തിൽ വിട്ടു.