കാസര്‍കോട്: കേരള-കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാറില്‍ പങ്കെടുക്കാനെത്തിയ ടി.ജി മോഹന്‍ദാസിന് നേരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം. 'ഭരണഘടനയും ജനാധിപത്യവും എഴുപത് വര്‍ഷത്തെ ഇന്ത്യന്‍ അനുഭവത്തില്‍' എന്ന പേരിലുള്ള സെമിനാറിനിടെയാണ് കേന്ദ്രസര്‍വകലാശയില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. രണ്ട് ദിവസങ്ങളിലായാണ് കേരള കേന്ദ്ര സര്‍വകലാശാലയില്‍ സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യ ദിവസത്തെ ആദ്യ സെഷനില്‍ വിഷയാവതരണത്തിനാണ് ടി.ജി മോഹന്‍ദാസെത്തിയത്. സെമിനാര്‍ ഹാളിന് പുറത്ത് ടി.ജി മോഹന്‍ദാസിന്‍റെ വാഹനം വിദ്യാര്‍ഥികള്‍ തടഞ്ഞു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ടി.ജി മോഹന്‍ദാസ് സെമിനാര്‍ വിഷയാവതരണത്തിനെത്തിയതോടെ വിദ്യാര്‍ഥികള്‍ ഹാളില്‍ നിന്നും വാക് ഔട്ട് നടത്തിയും പ്രതിഷേധമറിയിച്ചിരുന്നു. ടി.ജി മോഹന്‍ദാസിനെ കൂടാതെ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെയടക്കം പങ്കെടുപ്പിച്ച് നടത്തുന്ന ദ്വിദിന സെമിനാര്‍ സര്‍വ്വകലാശാലയെ കാവി വല്‍ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.